ഇസ്മായിൽ വാണിമേൽ

നാദാപുരം

: തേങ്ങയിടാൻ ആളുകുറവായ ഇക്കാലത്ത് തെങ്ങുകയറ്റക്കാരൻ ഏറെ യാത്രചെയ്യേണ്ടതുണ്ട്. ഏണിയുമായി ഇങ്ങനെ ഏറെദൂരം നടന്നുപോകുന്നത് പ്രയാസമായതുകൊണ്ടാണ് കുഞ്ഞിരാമൻ ഈ അഭ്യാസത്തിന് മുതിർന്നത്. ഏണിയും ചുമലിലേറ്റി സ്കൂട്ടറിൽ യാത്രചെയ്യാൻ കഠിനപ്രയത്നംതന്നെ വേണ്ടി വന്നു. ഇപ്പോൾ നല്ല ബാലൻസോടെ അൻപത്തിയെട്ടാമത്തെ വയസ്സിലും ചുറുചുറുക്കോടെ സ്കൂട്ടറിൽ പോവുകയാണ് കുനിയിൽപീടിക തെക്കെ മഠത്തിൽ കുഞ്ഞിരാമൻ.

രണ്ടുമാസം വീട്ടിലും പരിസരത്തുമായി പരിശീലിച്ചു. ആദ്യം അടുത്തുള്ള പ്രദേശങ്ങളിൽ പോകുമ്പോൾ ഏണിയുമായി സ്കൂട്ടറിൽ കയറി. പ്രശ്നമൊന്നും കാണാതെ വന്നതോടെ അത് പതിവാക്കി. ആദ്യം സ്കൂട്ടർ സ്റ്റാർട്ടാക്കും. പിന്നീട് നീളത്തിലുള്ള ഏണി ചുമലിൽ വെക്കും. കഴുത്തിന്റെ ഒരു ഭാഗത്ത് എത്തിയാൽ ഏണി ബാലൻസായി എന്ന ബോധ്യം കുഞ്ഞിരാമന് വരും. പിന്നെ സ്കൂട്ടർ മെല്ലെ നീങ്ങും. വാഹനങ്ങൾ വരുമ്പോൾ മുമ്പിലുംപിന്നിലും കണ്ണുകൾ പായിക്കുമെന്നും കുഞ്ഞിരാമൻ വിശദീകരിക്കുന്നു. മലയോരത്ത് പോകുമ്പോഴാണ് കൂടുതലായി സ്കൂട്ടറിലുളള ഏണിയാത്ര. അഞ്ചുസെന്റ് സ്ഥലത്ത് താമസിക്കുന്ന കുഞ്ഞിരാമന്റെ വീട്ടിലേക്ക് സ്കൂട്ടർ കയറ്റുന്നത് ഏറെ പ്രയാസകരമാണ്. ഒരുമീറ്റർ മാത്രമാണ് വീട്ടിലേക്കുള്ള ഗേറ്റിന്റെ വീതി. എന്നാൽ അതിലൂടെ ഏറെ സാഹസപ്പെട്ട് സ്കൂട്ടറിൽ ഏണിയുമായി കുഞ്ഞിരാമൻ കയറുന്നത് രസമുള്ള കാഴ്ചയാണ്. നേരത്തെ സാമൂഹികമാധ്യമങ്ങളിൽ കുഞ്ഞിരാമന്റെ ഏണി വഹിച്ചുള്ള സ്കൂട്ടർയാത്ര പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. പതിനാറാം വയസ്സിൽ തുടങ്ങിയതാണ് തെങ്ങുകയറ്റം. പിന്നീട് കന്ന് പൂട്ട്, ചെങ്കല്ല് വെട്ട്, ഹോട്ടൽപണി തുടങ്ങിയ ജോലികൾ ചെയ്തിട്ടുണ്ട്. അത് നിർത്തി പിന്നീട് നാല് വർഷം ഗൾഫിൽ ജോലിചെയ്തു. നാട്ടിലെത്തി വീണ്ടും തെങ്ങുകയറ്റത്തിലേക്കുതന്നെ മടങ്ങി. ദേവിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.