കൊയിലാണ്ടി: കോവിഡിൽ ദുരിതത്തിലായ സംസ്ഥാനത്തെ ക്ഷീര, കോഴി കർഷകർക്ക് തിരിച്ചടിയായി കാലിത്തീറ്റയുടെയും കോഴിത്തീറ്റകളുടെയും വില വർധിച്ചു. വിപണിയിൽ ലഭ്യമായ മിക്ക കാലിത്തീറ്റകളുടെയും വില വർധിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ സംരംഭമായ കേരള ഫീഡ്‌സിന്റെതൊഴികെയുള്ള കാലിത്തീറ്റകളുടെ വിലയാണ് വർധിച്ചത്. കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ വില വർധിപ്പിക്കാത്തത് മാത്രമാണ് ക്ഷീരകർഷകർക്ക് ആശ്വാസം. മിക്ക കാലിത്തീറ്റകളുടെയും വില 50 കിലോയ്ക്ക് 1200-ൽനിന്ന് 1300 ആയി വർധിച്ചു. നൂറും 150 രൂപയുടെ വില വ്യത്യാസമാണ് അടുത്തയിടെ ഉണ്ടായത്. കാലിത്തീറ്റയ്ക്ക് നൽകി വന്ന സബ്‌സിഡി മിൽമ പിൻവലിച്ചതും ക്ഷീരകർഷകർക്ക് തിരിച്ചടിയാണ്.

ഏഴുമാസമായി നൽകിയിരുന്ന 100 രൂപ സബ്‌സിഡിയാണ് ഒരുമാസത്തിനുള്ളിൽ രണ്ടുതവണയായി പിൻവലിച്ചത്. 100 രൂപ സബ്‌സിഡി ഒഴിവാക്കിയപ്പോൾ മിൽമ റിച്ച് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1240, ഗോൾഡിന് 1370, ബൈപ്രോ കാലിത്തീറ്റയ്ക്ക് 1415 രൂപ എന്നീ നിരക്കിൽ നൽകണം. പശുക്കൾക്ക് തീറ്റയായി നൽകുന്ന പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തേങ്ങാ പ്പിണ്ണാക്ക്, ചോളം എന്നിവയ്ക്കെല്ലാം വിലകൂടി. പരുത്തിപ്പിണ്ണാക്കിന് കിലോവിന് 30-32 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇപ്പോൾ 42 രൂപയായി വർധിച്ചു. തമിഴ്‌നാട്ടിലെ കാങ്കയം ഭാഗത്തുനിന്നാണ് പരുത്തിപ്പിണ്ണാക്ക് സംസ്ഥാനത്ത് കൂടുതലായി വരുന്നത്. കടലപ്പിണ്ണാക്കിന് 40 രൂപയായിരുന്നു ഒരുമാസം മുമ്പുവരെ. അതിപ്പോൾ 55 മുതൽ 60 രൂപവരെയായി. തേങ്ങാപ്പിണ്ണാക്കിന് 25 രൂപയിൽനിന്ന് 35 രൂപയായി. ചോളത്തിന് 22 രൂപയിൽനിന്ന് 26 രൂപയായും കൂടിയിട്ടുണ്ട്. തവിടിന് മാത്രമാണ് വില കൂടാത്തത്.

വിപണിയിൽ കൂടുതൽപേർ ഉപയോഗിക്കുന്ന പ്രമുഖ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് (50 കിലോ)1120 രൂപവരെയായിരുന്നു കഴിഞ്ഞമാസംവരെ വില. അതിപ്പോൾ 1225 രൂപയായി. എന്നാൽ കേരള ഫീഡ്‌സ് കാലിത്തീറ്റയ്ക്ക് 1160 രൂപയാണ് വില. മുട്ടക്കോഴികൾക്കുളള തീറ്റവിലയും കൂടി. 200 രൂപ വരെയാണ് കോഴീത്തീറ്റയുടെ വിലവർധന. മുട്ടക്കോഴിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 1150 എന്നത് ഇപ്പോൾ 1300 വരെ വിലകൂടി. ഇറച്ചിക്കോഴികൾക്ക് നൽകുന്ന തീറ്റവില 1400-ൽനിന്ന് 1600 രൂപവരെയായി. അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് കോഴി, കാലിത്തീറ്റ വിലവർധനയ്ക്ക്‌ കാരണമായി പറയുന്നത്.