വടകര : പ്രളയത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെ രക്ഷയുടെ തുരുത്തിലേക്ക് എത്തിക്കാൻ ബോട്ട് നിർമിച്ച് അറക്കിലാട്ടെ യുവാക്കൾ.
എല്ലാവർഷവും മഴക്കാലത്ത് വെള്ളംകയറി കുറേ വീട്ടുകാർ ദുരിതത്തിലാകുന്നത് കണക്കിലെടുത്താണ് രക്ഷാബോട്ട് നിർമിക്കാൻ തീരുമാനിച്ചത്. 18,000 രൂപയോളം ചെലവഴിച്ച് ബോട്ട് നിർമിച്ച് വെള്ളത്തിലിറക്കുകയും ചെയ്തു. രജീഷ്, ബബീഷ്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന് രംഗത്തിറങ്ങിയത്.
ഇരുമ്പ് പൈപ്പിന്റെ മുകളിൽ ഫ്രെയിം ഉണ്ടാക്കിയശേഷം അതിൽ ടാർ വീപ്പകൾ കട്ട് ചെയ്ത് ഷീറ്റുപോലെ ഘടിപ്പിച്ചു. ഒമ്പതുപേർക്കു കയറാൻ സൗകര്യമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വെള്ളം കയറിയ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത് ഈ ബോട്ടിലാണ്. വെള്ളം ഒഴുകിപ്പോകാനാവാതെ ഇരുന്നൂറോളം വീട്ടുകാർ ഈ പ്രദേശത്ത് ദുരിതംപേറുന്നുണ്ട്. വെള്ളംകയറിയാൽ വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ ഇനി മറ്റാരെയും ആശ്രയിക്കേണ്ടെന്ന ആശ്വാസത്തിലാണ് ഇവർ. മറ്റ് സ്ഥലങ്ങളിലും രക്ഷാപ്രവർത്തനത്തിന് പോകാൻ ഇവർ തയ്യാറാണ്.