കോഴിക്കോട് : കോവിഡ് ആശുപത്രിയായതോടെ ബീച്ചാശുപത്രിയിലെ ഒ.പി. വിഭാഗം ഗവ. നഴ്സിങ് കോളേജിൽ പ്രവർത്തനം തുടങ്ങി.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബീച്ചാശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. കോവിഡ് സ്ഥിരീകരിച്ച ബി കാറ്റഗറി രോഗികൾക്ക് മാത്രമാണ് ഇനി ആശുപത്രിയിൽ ചികിത്സയുണ്ടാവുക. തിങ്കളാഴ്ച കോവിഡ് രോഗികളെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് അല്ലാത്ത മറ്റുരോഗികൾക്കുള്ള താത്കാലിക ഒ.പി. വിഭാഗം ഗവ. നഴ്സിങ് കോളേജിൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഒ.പി. അത്യാഹിത വിഭാഗവും ജനറൽ ആശുപത്രിയിൽ നിന്ന് ഒഴിവാക്കി. അത്യാഹിത വിഭാഗത്തിൽപ്പെട്ട രോഗികൾക്കുള്ള ചികിത്സ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കി.
ഒ.പി.യിൽ വരുന്നവരിൽ ശസ്ത്രക്രിയ വേണ്ടവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ഇവിടെയുള്ള ഡോക്ടർമാർ കൊയിലാണ്ടി ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് മാറ്റം. ഒ.പി. വിഭാഗത്തിൽ എത്തുന്നവർക്ക് കിടത്തിച്ചികിത്സ ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജാശുപത്രിയിലേക്കും താലൂക്ക് ആശുപത്രികളിലേക്കും മാറ്റും.
ഒ.പി. വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ എക്സ്‌റേ, സ്കാനിങ് തുടങ്ങിയവ പുറത്തുനിന്ന് എടുക്കണം. ദിവസവും ശരാശരി ആയിരം രോഗികളാണ് ബീച്ചാശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.