കോഴിക്കോട്: റേഷൻകടകൾ വഴിയുള്ള, നവംബറിലെയും ഡിസംബറിലെയും സ്പെഷ്യൽ കിറ്റ് വിതരണം ഡിസംബർ 25-നകം പൂർത്തിയാക്കാനുള്ള സർക്കാർ നിർദേശം പാളും. വിതരണച്ചുമതലയുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ലോറികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഏറ്റെടുത്തതോടെയാണിത്. വാഹനങ്ങൾ ഡിസംബർ ആറിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കൈമാറി. 14-നാണ് ജില്ലയിലെ തിരഞ്ഞെടുപ്പ്. ഇതിനുശേഷം മാത്രമേ ഇനി വാഹനങ്ങൾ വിട്ടുകിട്ടൂ.

നവംബറിലെ ഭക്ഷ്യക്കിറ്റ് വിതരണംതന്നെ ജില്ലയിൽ പൂർത്തിയായിട്ടില്ല.

നീല, വെള്ള കാർഡുകാർക്കുള്ള കിറ്റുവിതരണം തുടങ്ങിയിട്ടേയില്ല. മഞ്ഞ, പിങ്ക് കാർഡുകൾക്കുള്ള നവംബറിലെ കിറ്റ് വിതരണം നടക്കുകയാണ്. ഇതുതന്നെ 20 ശതമാനത്തോളം പൂർത്തിയാകാനുണ്ട്. ഇതിനിടെയാണ് ഡിസംബറിലേത് ക്രിസ്മസ് കിറ്റായതിനാൽ ഇപ്പോൾ തന്നെ വിതരണം തുടങ്ങാൻ നിർദേശം വന്നത്. ഇതോടെ മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള ഡിസംബറിലെയും കിറ്റ് വിതരണം ആരംഭിച്ചിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലോറികൾ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുപോയത്. ഇതിനാൽ കിറ്റ് വിതരണം വൈകാൻ സാധ്യതയുണ്ടെന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികൃതർ തന്നെ സമ്മതിക്കുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഡിസംബർ ആറിലെ ഉത്തരവ് പ്രകാരം സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, കൊടുവള്ളി, വടകര എന്നീ ഡിപ്പോകളിലെ രണ്ട് വീതം ലോറികളാണ് കൈമാറിയത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് എട്ട് വാഹനങ്ങളും ഡ്രൈവർ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനിയുള്ള കുറച്ച് ദിവസത്തിനുള്ളിൽ കിറ്റ് വിതരണത്തിനായി മറ്റ് വാഹനങ്ങൾ വാടകയ്ക്കെടുക്കുക പ്രായോഗികമല്ല. ഇതിനാൽ റേഷൻ കടകളിൽ നിലവിൽ എത്തിയിട്ടുള്ള കിറ്റുകളുടെ വിതരണം മാത്രമേ തത്‌കാലം നടക്കുകയുള്ളൂ. പൂർണമായി ഓടിത്തുടങ്ങാത്ത കെ.എസ്.ആർ.ടി.സി. യുടെയോ മറ്റ് വകുപ്പുകളുടെയോ കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ച് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വാഹനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ കിറ്റ് വിതരണത്തെ ബാധിക്കില്ലായിരുന്നു.