ബാലുശ്ശേരി : കോവിഡ് രോഗം പിടിപെട്ടുള്ള മരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാലുശ്ശേരി പഞ്ചായത്തിലെ തഞ്ചാലക്കുന്നിൽ പൊതുശ്മശാനത്തിനുള്ള താത്‌കാലികസംവിധാനമൊരുങ്ങിത്തുടങ്ങി.

ഗ്രാമപ്പഞ്ചായത്തുകളിൽനിന്ന് മരണപ്പെടുന്ന കോവിഡ് രോഗികളെ സംസ്കരിക്കാൻ പഞ്ചായത്തുകൾ സംവിധാനമൊരുക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചതോടെയാണ് തഞ്ചാലക്കുന്നിൽ പൊതുശ്മശാനത്തിനുള്ള പ്രവൃത്തി വേഗത്തിലാക്കിയത്.

കഴിഞ്ഞദിവസം ബാലുശ്ശേരി പ്രദേശങ്ങളിൽ മരിച്ച കോവിഡ് രോഗികളെ സംസ്കരിക്കാൻ ഏറെ പ്രയാസമനുഭവിക്കേണ്ടിവന്നിരുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള 58 സെന്റ് സ്ഥലത്താണ് ശ്മശാനത്തിനുള്ള സംവിധാനമൊരുക്കുന്നത്. മുമ്പ് ഈ സ്ഥലം ശ്മശാനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. താത്‌കാലികമായ ഷെഡ്ഡും ഇവിടെ നിർമിച്ചിരുന്നു. തഞ്ചാലക്കുന്നിൽ ഗ്യാസ് ശ്മശാനം ഒരുക്കുന്നതിനായി ത്രിതല പഞ്ചായത്തുകൾ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് ശ്മശാനം നിർമിക്കാനുള്ള നടപടികളാരംഭിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് പിന്മാറുകയാണുണ്ടായത്. നിർമാണം നടക്കാതിരുന്നതിനാൽ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുകയുണ്ടായി.

തഞ്ചാലക്കുന്നിലെ 58 സെന്റ് സ്ഥലത്തിൽ ഒരുഭാഗത്ത് ചുറ്റുമതിലോടുകൂടിയ ഗ്യാസ് ശ്മശാനവും മറുഭാഗത്ത് സാംസ്കാരികപഠനകേന്ദ്രവും സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

 തഞ്ചാലക്കുന്നിലെ ശ്മശാനഭൂമിപൊതുജനസഹകരണത്തോടെ ശ്മശാനമൊരുക്കും

നാട്ടുകാരുടെ സഹകരണത്തോടെ തഞ്ചാലക്കുന്നിലെ സ്ഥലം ഉപയോഗപ്പെടുത്തി അത്യന്താധുനികസംവിധാനത്തോടെ പൊതുശ്മശാനം നിർമിക്കാൻ പരിശ്രമിക്കും. പ്രാഥമികനടപടികളാരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പൊതുശ്മശാനം അനിവാര്യമാണ്.

രൂപലേഖ കൊമ്പിലാട്

പഞ്ചായത്ത് പ്രസിഡന്റ്ശ്മശാനത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണം

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ ആധുനികസംവിധാനത്തോടെ ശ്മശാനം നിർമിക്കണം. തഞ്ചാലക്കുന്നിലെ സ്ഥലം അതിനായി ഉപയോഗപ്പെടുത്തണം.

കെ.പി. മനോജ് കുമാർ,

ചെയർമാൻ, സർവോദയ ട്രസ്റ്റ്,

ബാലുശ്ശേരിപൊതുശ്മശാനം അനിവാര്യം

തഞ്ചാലക്കുന്നിലെ സ്ഥലം ഉപയോഗപ്പെടുത്തി പൊതുശ്മശാനം നിർമിക്കണം. പ്രദേശവാസികൾക്ക് പ്രയാസമുണ്ടാകാത്തതരത്തിൽ ആധുനിക സംവിധാനത്തോടെയാകണം ശ്മശാനം. ഗതാഗതസംവിധാനവുമൊരുക്കണം.

പി.കെ. പ്രസാദ്,

പ്രദേശവാസി