രാമനാട്ടുകര : ഉപരിതലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിലെ അറപ്പുഴപ്പാലത്തിന് ശാപമോക്ഷംതേടി രാമനാട്ടുകര റെസിഡന്റ്‌സ് അസോസിയേഷൻ ഏകോപനസമിതി (റെയ്‌സ്) ഹൈക്കോടതിയിലെത്തി.

സമിതിയുടെ ലീഗൽ അഡ്വൈസർ ബാബു പട്ടത്താനംവഴി കേരള ഹൈക്കോടതിയിൽ പൊതുതാത്‌പര്യഹർജി ഫയൽ ചെയ്യുകയായിരുന്നു. അഡ്വ. പൗലോച്ചൻ ആന്റണിയാണ് കേസിൽ റെയ്‌സിനുവേണ്ടി ഹാജരായത്. തങ്ങളല്ല, കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്ന വാദമാണ് നാഷണൽ ഹൈവേ അതോറിറ്റി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചത്. തുടർന്ന് പ്രസ്തുത കമ്പനിയെക്കൂടി കക്ഷിചേർക്കാനും മേയ് 18-ന് വിശദവാദം കേൾക്കാനും ഹൈക്കോടതി തീരുമാനിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ചാണ് വാദം കേട്ടത്. നിരന്തരമുണ്ടാവുന്ന ഗതാഗതക്കുരുക്ക് കാരണം സമയനഷ്ടം, വായുമലിനീകരണം തുടങ്ങി രാജ്യത്തിനുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെയും കണക്കിലെടുത്ത് അടിയന്തരമായി പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നാണ് റെയ്‌സ് ഭാരവാഹികൾ പറയുന്നത്. പ്രശ്നപരിഹാരം ഉണ്ടാവുന്നതുവരെ പ്രദേശത്തെ സാമൂഹിക- സാംസ്കാരിക രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി നിരന്തരമായ നിയമപോരാട്ടം നടത്താനാണ് തീരുമാനം.

അറപ്പുഴപ്പാലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഒട്ടേറെത്തവണ മാതൃഭൂമി വാർത്ത നൽകിയിരുന്നു. കോടതിയിൽ സമർപ്പിച്ച രേഖകളിൽ മാതൃഭൂമി വാർത്തയുമുണ്ട്. പാലത്തിന്റെ സ്പാനുകളുടെ കോൺക്രീറ്റിനുമുകളിലെ ടാറിങ് അടർന്നു പാലത്തിലാകെ വാരിക്കുഴികളായതാണ് പ്രശ്നം. ടാറിങ് അടർന്ന് കോൺക്രീറ്റ് സ്പാനുകൾക്ക് തേയ്മാനം സംഭവിച്ചിട്ടുമുണ്ട്. ബൈപ്പാസിലൂടെ അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ച ശേഷമാണ് വാരിക്കുഴികൾ കാണുന്നത്. ഇതുകണ്ട്‌ വാഹനം പെട്ടെന്നുബ്രേക്കിടുന്നത്‌ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.

പാലത്തിലെ കുഴികൾ താണ്ടാനായി ദീർഘനേരമെടുക്കുന്നതോടെ നിരന്തരം വാഹനങ്ങൾ പായുന്ന ബൈപ്പാസിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. ഇതിനിടയ്ക്ക് ചില യാത്രക്കാർ തിക്കിക്കയറാൻ നോക്കുന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നു.

പിന്നീട് പന്തീരാങ്കാവ് മുതൽ രാമനാട്ടുകര നിസരി ജങ്ഷൻവരെ സഞ്ചരിക്കാൻ മാത്രമായി മണിക്കൂറുകളെടുക്കേണ്ടിവരുന്നു. ഈ ഊരാക്കുടുക്കിൽപ്പെട്ട് ആംബുലൻസുകൾപോലും വലയുന്നു. മെഡിക്കൽ കോളേജിലേക്കും നഗരത്തിലെ മറ്റാശുപത്രികളിലേക്കും പോവുന്നവരും കുരുക്കിലകപ്പെടുന്ന സ്ഥിതിയാണ്.