താമരശ്ശേരി : വയനാട് ചുരത്തിൽ ഭിത്തി നിർമാണവും ടാറിങ്ങും നടക്കുന്നതിനിടെ ഞായറാഴ്ച അവധിദിനം ആഘോഷിക്കാൻ കൂടുതൽപ്പേർ എത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏഴാം വളവിനടുത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ടാറിങ്ങും ഒമ്പതാം വളവിനടുത്ത് പാർശ്വഭിത്തി നിർമാണവും നടക്കുന്നതിനാൽ രണ്ടുമണിക്കൂർവരെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടന്നു. അവധിദിനം വയനാട്ടിൽ ആഘോഷിക്കാൻ കൂടുതൽപേർ ചുരംവഴി എത്തിയതോടെ ഗതാഗതക്കുരുക്ക് പതിവിലും വർധിച്ചു. ഗതാഗതം നിയന്ത്രിക്കുന്ന ചുരം സംരക്ഷണസമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. തിങ്കളാഴ്ച അധികമായി ഒരിടത്തുകൂടി ടാറിങ് പ്രവൃത്തി ഉള്ളതിനാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാവാനാണ് സാധ്യത.

പാർശ്വഭിത്തി നിർമാണം പുരോഗമിക്കുന്നു

ഈ മാസം 19-ന് വയനാട് ചുരത്തിൽ ഒമ്പതാം വളവിനടുത്ത് നവീകരണപ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് പാർശ്വഭിത്തി നിർമാണം പുരോഗമിക്കുന്നു.

രണ്ടാഴ്ചയിലേറെയായി രാത്രിയും പകലുമായി നടക്കുന്ന ഭിത്തി കോൺക്രീറ്റിങ് അവസാന ഘട്ടത്തിലേക്ക് എത്തി. ചുരത്തിൽ മാർച്ച് 15 വരെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ച് കോഴിക്കോട് കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്കും സ്‌കാനിയ ബസുകൾക്കുമാണ് നിരോധനം.