കോഴിക്കോട് : തളി പത്മശ്രീ കല്യാണമണ്ഡപത്തിന്റെ അണിയറയിൽ ഒരു ‘പെൺകഥ’കളിക്കുള്ള ഒരുക്കങ്ങൾ... വേഷമിടുന്ന പെൺകുട്ടികൾ ചമയങ്ങൾ അണിയുന്ന തിരക്കിലാണ്. അരങ്ങിൽ കഥകളിക്ക് മുമ്പ്‌ നടക്കുന്ന ഉദ്ഘാടന ച്ചടങ്ങിനുള്ള അവസാനവട്ട ഒാട്ടത്തിലാണ് സംഘാടകർ. പെട്ടെന്നാണ് ഉദ്ഘാടകയായ കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് അണിയറയിലേക്ക് കയറിവന്നത്.

നേരെ ചമയങ്ങൾ അണിയുന്ന ഡോ. ഹരിപ്രിയ നമ്പൂതിരിയുടെയും അപർണ വാസുദേവന്റെയും അരികിലേക്ക്. രണ്ടുപേരും മേയറെ കണ്ട് അല്പം അദ്‌ഭുതത്തോടെ ഒാടിവന്നു. പേരും വീടുമെല്ലാം ചോദിച്ച് മേയറുടെ കുശലാന്വേഷണം. അപ്പോഴേക്കും പിൻപാട്ടുപാടുന്ന മീര റാംമോഹനും അദ്രിജ വർമയുമെത്തി. കഥാപാത്രങ്ങളുടെ പേരെല്ലാം ചോദിച്ച് മനസ്സിലാക്കിയ മേയർ പഴയ ചില കഥകളി ഒാർമകളും പങ്കുവെച്ചു. തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ കഥകളിയുടെ അണിയറയാണ് അപൂർവ പെൺസംഗമത്തിന് വേദിയായത്.

അഞ്ചുപേരും ചേർന്നുള്ള സന്തോഷ നിമിഷങ്ങൾ കണ്ട കഥകളിയിലെ സ്ഥിരംസാന്നിധ്യവും ഫോട്ടോഗ്രാഫറുമായ അശ്വതി ബാലമുരളിക്ക് എല്ലാവരെയും ഫ്രെയിമിൽ പകർത്താൻ ഒരാഗ്രഹം. പറഞ്ഞതും എല്ലാവരും ഫോട്ടോയ്ക്ക് തയ്യാറായി. കഥകളി രംഗത്തെ പ്രതീക്ഷയായ നാലുപെൺപ്രതിഭകൾ. ഒപ്പം രാഷ്ട്രീയത്തിലെ പുതിയ പ്രതീക്ഷയായ ഡോ. ബീനാ ഫിലിപ്പ്. സന്തോഷം നിറഞ്ഞ ആ മുഹൂർത്തം ക്യാമറയിലേക്ക് പകർത്തി അശ്വതിയും...

രംഗം രണ്ട്

കൊട്ടാരത്തിലെ ഉദ്യാനത്തിൽ ആടി പ്പാടുകയാണ് ബാണാസുരന്റെ മകളായ ഉഷയും തോഴി ചിത്രലേഖയും... ഇതിനിടെ ക്ഷീണംതോന്നിയ ഉഷ ചിത്രലേഖയുടെ മടിയിൽ കിടക്കുന്നു. ഉറക്കത്തിനിടെ ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധനെ സ്വപ്നം കാണുന്നു. സുന്ദരനായ ഒരു യുവാവിനെ സ്വപ്നത്തിൽ കണ്ടതായി ഉഷ ചിത്രലേഖയോട് പറയുന്നു. ചിത്രലേഖ വസുദേവരുടെയും ശ്രീകൃഷ്ണന്റെയും ചിത്രങ്ങൾ കാണിക്കുന്നു. മുഖ സാദൃശ്യമുണ്ടെന്ന് ഉഷ പറയുന്നു. ഒടുവിൽ കാണിക്കുന്ന അനിരുദ്ധന്റെ ചിത്രം ഉഷ തിരിച്ചറിയുന്നു. ബാണയുദ്ധം ആട്ടക്കഥയിലെ ‘ഉഷ ചിത്രലേഖ’ എന്ന രംഗമാണ് പെൺകൂട്ടം അരങ്ങിലെത്തിച്ചത്. ചിത്രലേഖയായി ഹരിപ്രിയ നമ്പൂതിരിയും ഉഷയായി അപർണ വാസുദേവനും ആസ്വാദക മനം കവർന്നു. പിൻപാട്ടിൽ മീര രാംമോഹനും അദ്രിജ വർമയും മികച്ച പിന്തുണയേകി. മദ്ദളത്തിൽ കലാമണ്ഡലം ശ്രീജിത്തും ഇടക്കയിൽ കോട്ടക്കൽ വിജയരാഘവനും പിന്നണിയേകി. കലാമണ്ഡലം കേശവൻ നമ്പൂതിരിയും സംഘവുമായിരുന്നു കോപ്പ്.