കോഴിക്കോട് : ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് എന്നീ വാർഡുകളിലും വോട്ടെടുപ്പ് സമാധാനപരം. നന്മണ്ടയിൽ 62.95, കൂമ്പാറയിൽ 87.21, വള്ളിയോത്ത് 83.99 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങും. ഫലം lsgelection.kerala.gov.in വെബ്‌സൈറ്റിലെ ട്രെൻഡിൽ (TREND) ലഭിക്കും.

നന്മണ്ടയിൽനിന്ന് വിജയിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായ കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ. ആയതോടെ വന്ന ഒഴിവിലാണ് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ്. റസിയ തോട്ടായി (എൽ.ഡി.എഫ്.), കെ. ജമീല (യു.ഡി.എഫ്.), ഗിരിജാ വലിയപറമ്പിൽ (ബി.ജെ.പി.) എന്നിവരാണ് സ്ഥാനാർഥികൾ. ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫിന് മേധാവിത്വമുള്ളതിനാൽ ഡിവിഷനിലെ ഫലം നിർണായകമല്ല.

കൂമ്പാറയിൽനിന്ന് ജയിച്ച് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ലിന്റോ ജോസഫ് തിരുവമ്പാടി എം.എൽ.എ. ആയതിന്റെ ഒഴിവിലാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. വള്ളിയോത്തെ ഫലം ഉണ്ണികുളം പഞ്ചായത്ത് ഭരണത്തിൽ നിർണായകമാണ്. 23 വാർഡിൽ പത്തിടത്ത് എൽ.ഡി.എഫ്., ഒമ്പതിടത്ത് യു.ഡി.എഫ്., മൂന്നിടത്ത് ബി.ജെ.പി. എന്നതാണ് നില. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.