കോഴിക്കോട് : കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ്. ധാരണകൾക്ക് വിരുദ്ധമായി മുസ്‌ലിം ലീഗ് പ്രാദേശികനേതൃത്വം കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരേ റിബലുകളെ നിർത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതിന്റെ എല്ലാ ഉത്തരവാദിത്വവും പ്രാദേശിക ലീഗ് നേതൃത്വത്തിനായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞതവണ 11 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ സീറ്റ് ഒമ്പതായി ചുരുങ്ങി. 25-ാം വാർഡ് മോഡേൺ ബസാറിലെ കോൺഗ്രസ് സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച് റിബൽ സ്ഥാനാർഥിയെ ലീഗ് ഒൗദ്യോഗിക സ്ഥാനാർഥിയാക്കി. 12-ാം വാർഡായ കരീറ്റിപ്പറമ്പിൽ മുൻകൗൺസിലറാണ് റിബലായി കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുന്നത്. ഇദ്ദേഹത്തെ ലീഗ് പുറത്താക്കിയിട്ടുണ്ട്. 20-ാം ഡിവിഷനായ പ്രാവിൽ ലീഗ് റിബൽ സ്ഥാനാർഥിക്കുവേണ്ടിയാണ് പാർട്ടി ഭാരവാഹികളടക്കം പ്രവർത്തിക്കുന്നത്. റിബലിനേയോ, നേതാക്കളേയോ പുറത്താക്കിയിട്ടുമില്ല.

ജില്ലാ ലീഗ് നേതൃത്വം പുറത്താക്കിയ നിലവിലെ മുനിസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ് മാസ്റ്റർ ഒന്നാംഡിവിഷനായ പനക്കോട് മത്സരിക്കുന്നു. യു.ഡി.എഫ്. പ്രചാരണ പോസ്റ്ററുകളിൽ അദ്ദഹം നിറഞ്ഞുനിൽക്കുന്നു.

നാലുപതിറ്റാണ്ടായി കൊടുവള്ളിയിലെ പല വാർഡുകളിലും റിബലുകളെ നിർത്തി ജയിപ്പിച്ച്, അവരെ പാർട്ടിയിൽ നിലനിർത്തുന്ന സമീപനമാണ് ലീഗ് കൈക്കൊള്ളുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽസെക്രട്ടറി പി.ടി. അസ്സയിൻകുട്ടി, മണ്ഡലം ജനറൽസെക്രട്ടറി ഷംസുദ്ദീൻ അപ്പോളൊ, ട്രഷറർ ഗഫൂർ മുക്കിലങ്ങാടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.