വടകര : ലക്ഷങ്ങൾ മുടക്കി നവീകരിച്ച വടകര ക്യൂൻസ് റോഡ് (കുഞ്ഞിരാമൻ വക്കീൽറോഡ്) പുതുമോടി മായുംമുമ്പേ തകർച്ചാഭീതിയിൽ. ഇന്റർലോക്ക് കട്ട പാകിയ റോഡിൽ രണ്ടാഴ്ചമുമ്പ് കുടിവെള്ള പൈപ്പ് പൊട്ടി ഒരുഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നു. ഇവിടെയുള്ള കട്ടകൾ നിരതെറ്റിക്കിടക്കുകയാണ് ഇപ്പോൾ. തൊട്ടടുത്തുള്ള കട്ടകൾ വാഹനങ്ങൾ പോകുമ്പോൾ ഇളകാനും തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി കട്ടകൾ പൂർവസ്ഥിതിയിലാക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. നഗരസഭയിലെ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് നടപടി വൈകുന്നതെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി. സി.കെ. നാണു എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള 40 ലക്ഷംരൂപ മുടക്കിയാണ് ക്യൂൻസ് റോഡ് വീതികൂട്ടി നവീകരിച്ചത്. മെയിൻ റോഡ് മുതൽ ക്രിസ്ത്യൻ പള്ളി റോഡിനുസമീപംവരെയും മറുവശത്ത് ഗോകുലം ടവർവരെയും റോഡിൽ ഇൻറർലോക്ക് കട്ടപാകി മനോഹരമാക്കി. ഇരുവശത്തും നടപ്പാതയിലും കട്ടപാകി. ആഘോഷമായാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ റോഡിന്റെ ഉദ്ഘാടനം നടത്തിയത്.

എന്നാൽ റോഡിന്റെ അടിവശത്ത് നേരത്തെ ഉണ്ടായിരുന്ന പഴയ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റിയിരുന്നില്ല.

ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ചെമ്മണൂർ ജൂവലറിക്കുമുന്നിൽ കട്ടപാകിയ റോഡിന്റെ അടിവശത്തുനിന്നും വെള്ളം പുറത്തേക്ക് വരാൻ തുടങ്ങി. മിക്ക ദിവസങ്ങളിലും ഈ ചോർച്ച ഉണ്ടാകും. ഇതിനുപിന്നാലെ ഗോകുലം ടവറിനു സമീപം റോഡ് അവസാനിക്കുന്നതിനു സമീപംതന്നെ വലിയതോതിൽ പൈപ്പ്‌പൊട്ടി വെള്ളം ഒഴുകി. ഇവിടെ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴി രൂപപ്പെട്ടു. ചോർച്ച പരിഹരിച്ചെങ്കിലും കുഴി അതേപോലെ കിടക്കുകയാണ്. ഇതോടെയാണ് സമീപത്തുള്ള കട്ടകളും ഇളകുന്നത്. വാഹനങ്ങൾക്ക് അപകടസൂചന നൽകാൻ കുഴിയിൽ കൊടികുത്തിവെച്ചിട്ടുണ്ട്.

ചെമ്മണൂരിന് സമീപം വെള്ളം പുറത്തേക്ക് വരുന്ന ഭാഗത്തും ഇന്റർലോക്ക് കട്ടകൾ ഇളകുന്നുണ്ട്. ചോർച്ച ഒഴിവാക്കിയില്ലെങ്കിൽ പലയിടങ്ങളിലും റോഡ് തകരുന്ന സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ പൈപ്പുകൾക്ക് പകരം പുതിയ പൈപ്പുകൾ സ്ഥാപിക്കൽ മാത്രമാണ് പോംവഴി. ഇത് മാറ്റാതെ ഇന്റർലോക്ക് കട്ടമാത്രം മാറ്റിസ്ഥാപിച്ചാൽ കാര്യമുണ്ടാകില്ലെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.