കൊടുവള്ളി : വോട്ടെടുപ്പ് കഴിഞ്ഞശേഷം കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ സൂക്ഷിച്ച കൊടുവള്ളി കെ.എം.ഒ. ഹൈസ്കൂളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിതന്നെ സ്കൂൾ പോലീസിന്റെ നിയന്ത്രണത്തിലായി. പോൾ ചെയ്ത ഇ.വി.എം, തിരിച്ചു കിട്ടിയ പോസ്റ്റൽ ബാലറ്റ്, 80 വയസ്സിനുമുകളിലുള്ളവർ വീട്ടിൽനിന്ന്‌ വോട്ടുരേഖപ്പെടുത്തിയ ബാലറ്റ്, ഇലക്‌ഷൻ ഡ്യൂട്ടി ഉണ്ടായിരുന്നവർക്കായി സ്കൂളിൽ ഏർപ്പെടുത്തിയ ബൂത്തുകളിലെ ബാലറ്റ് എന്നിവയെല്ലാം സ്കൂളിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ബി.എസ്.എഫിന്റെ പുതിയൊരു ടീം കൂടി സ്കൂളിലെത്തിയതായി റിട്ടേണിങ് ഓഫീസർ രജത് അറിയിച്ചു.

മണ്ഡലത്തിൽ ഏറ്റവുംകൂടുതൽ പോളിങ് നടന്ന ബൂത്തിലെ പോളിങ് ശതമാനം 88 ആണ്. ഏറ്റവുംകുറഞ്ഞത് 74 ശതമാനവും. ഒരു ബൂത്തിൽ 95 ശതമാനത്തിൽ കൂടുതലും 65 ശതമാനത്തിൽ കുറവും പോളിങ് നടന്നിട്ടുണ്ടെങ്കിൽ ആ ബൂത്തുകൾ നിരീക്ഷകൻ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ, കൊടുവള്ളി മണ്ഡലത്തിൽ ഇത്തരത്തിൽ അസാധാരണമായി പോളിങ് നടന്ന ബൂത്തുകൾ ഇല്ലെന്നും ആർ.ഒ. രജത് പറഞ്ഞു.

വ്യാഴാഴ്ച സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് പോകേണ്ട വഴിയും മറ്റുസജ്ജീകരണങ്ങളുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.