കൊയിലാണ്ടി : കാപ്പാട്, കണ്ണങ്കടവ് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഉപ്പുവെള്ളം ഊർന്നിറങ്ങി കിണറുകളിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ലോറികളിൽ വെള്ളം കൊണ്ടുവന്നാണ് ശുദ്ധജലക്ഷാമം പരിഹരിക്കുന്നതെന്ന് വാർഡ് മെമ്പർ റസീന ഷാഫി പറഞ്ഞു.

കോരപ്പുഴ അഴീക്കൽ, കണ്ണങ്കടവ്, മൂന്നാകണ്ടി, പരീക്കണ്ടി പറമ്പ് എന്നിവിടങ്ങളിലൊക്കെ കടുത്ത ജലക്ഷാമമുണ്ട്. ഉപ്പുവെള്ളമാണ് ഈ ഭാഗങ്ങളിലെ പ്രധാന പ്രശ്നം. വേനൽക്കാലത്ത് കിണറുകളിൽ ഉപ്പുവെള്ളത്തിന്റെ തോത് കൂടും. ചേമഞ്ചേരി പഞ്ചായത്തിലെ തീരമേഖലയിൽ വർഷങ്ങളായി കുടിവെള്ളക്ഷാമം നിലനിൽക്കുന്നുണ്ട്. കുടിവെള്ളക്ഷാമത്തിന് സ്ഥിരമായ ശുദ്ധജല പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. കാപ്പാട് തീരദേശമേഖല ഉൾപ്പെടെ ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ആറോളം വാർഡുകളിൽ കുടിവെള്ളക്ഷാമം ഉണ്ട്. കോരപ്പുഴ അഴീക്കൽമുതൽ തുവ്വപ്പാറവരെ ജലക്ഷാമം രൂക്ഷമാണ്.

ജപ്പാൻ കുടിവെള്ളപദ്ധതി തീരദേശമേഖലയിലേക്ക് വ്യാപിപ്പിക്കുകയോ, കുറ്റ്യാടി ജലസേചന പദ്ധതി ദീർഘിപ്പിക്കുകയോ ചെയ്താൽമാത്രമേ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുകയുള്ളൂ. ഓരോ വർഷവും ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാൻ വലിയ തുകയാണ് ചെലവിടുന്നത്.

കുടിവെള്ളവിതരണത്തിന് കഴിഞ്ഞവർഷം 27 ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. തീരമേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ടാണ് സുനാമി പദ്ധതിയിൽപ്പെടുത്തി കാട്ടിലപീടിക ഒറവങ്കര കുടിവെള്ള പദ്ധതി നടപ്പാക്കിയത്. എന്നാൽ, ഈ പദ്ധതിയിൽനിന്ന് കൂടുതൽ പ്രദേശത്തേക്ക് ജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിച്ചതോടെ ആർക്കും വെള്ളംകിട്ടാത്ത അവസ്ഥയാണെന്ന് പരിസരവാസികൾ പറയുന്നു. ചേമഞ്ചേരി പഞ്ചായത്തിലെ തീരദേശ ഗ്രാമങ്ങൾ കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുന്നുണ്ട്. ഇത്‌ പരിഹരിക്കാൻ തീരദേശ കുടിവെള്ളപദ്ധതി യാഥാർഥ്യമാക്കണം.

-റസീന ഷാഫി

(ചേമഞ്ചേരി പഞ്ചായത്തംഗം)

കൊയിലാണ്ടിവരെ എത്തിനിൽക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തണം. തീരദേശ പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണം.

എ.കെ. ജാനിബ്, പ്രദേശവാസി

ജപ്പാൻ കുടിവെള്ളപദ്ധതി തീരദേശ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം. ഇതിനുള്ള പദ്ധതി ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തും സംസ്ഥാന സർക്കാരും നടപ്പാക്കണം.

അനീഷ് പരിക്കണ്ടിപറമ്പ് തീരദേശ ഗ്രാമങ്ങൾ കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. വർഷങ്ങളായുള്ള ഈ പ്രയാസത്തിന് പരിഹാരം വേണം.

സംഗീത

ചെറുവാണ്ടി മുനമ്പത്ത്