രാമനാട്ടുകര : അപ്രതീക്ഷിത മഴ കൃഷിയിടത്തിൽ വില്ലനായെത്തി ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെച്ചെങ്കിലും തോട്ടോളി ചിന്നനെന്ന 74-കാരൻ പതറിയില്ല. വീണ്ടും കൃഷിയിറക്കി. വന്ന നഷ്ടങ്ങളെ മറികടക്കാൻ പാകത്തിന് വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളുണ്ടിപ്പോൾ ചിന്നന്റെ പാടത്ത്. കുറ്റൂളങ്ങാടിയിലെ വെളുത്ത കൊടിഞ്ഞിൽതാഴത്തെ ഒരേക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. പടവലം, മത്തൻ, ചുരങ്ങ, പയർ, വെള്ളരി, കണിവെള്ളരി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും നൂറുമേനി വിളവാണ് ലഭിച്ചത്. ഇതിനു പുറമെ മറ്റുതോട്ടങ്ങളിൽ നെല്ലും കപ്പയും വാഴക്കൃഷിയും കിഴങ്ങുകൃഷിയുമുണ്ട്. എല്ലാം പാട്ടത്തിനെടുത്ത ഭൂമിയിലാണ്. ഒരുതരി രാസവളം തന്റെ കൃഷിയിടത്തിലുണ്ടാവില്ലെന്നും മനസ്സമാധാനത്തോടെ കഴിക്കാമെന്നുമാണ് ചിന്നൻ നൽകുന്ന ഉറപ്പ്. അതിനാൽ സമീപത്തെ വീട്ടുകാരെല്ലാം ഇവിടെയെത്തിയാണിപ്പോൾ പച്ചക്കറി വാങ്ങുന്നത്. കല്യാണ വീടുകളിലേക്കുമുള്ള പച്ചക്കറി നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്.

എട്ടാം ക്ലാസിൽ പഠിപ്പുനിർത്തി അച്ഛൻ ഉണ്ണീരിക്കൊപ്പം പതിനേഴാംവയസ്സിൽ പാടത്തിറങ്ങിയതാണ് ചിന്നൻ. ഇപ്പോഴും പുലരുംമുമ്പേ കൃഷിയിടത്തിലിറങ്ങും. കിളയും കളപറിയും വളമിടലും നനയുമൊക്കെ കഴിഞ്ഞ് ഇരുട്ടുവീഴുംവരെ തുടരും. ഭാര്യ ലീല സഹായത്തിനായി എപ്പോഴും ഒപ്പമുണ്ട്. പശു വളർത്തലും പാൽ വിൽക്കലുമെല്ലാം ലീലയുടെ വകുപ്പാണ്. വിളവെടുപ്പുത്സവം നഗരസഭാ അധ്യക്ഷ ബുഷറ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. സുരേഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. യമുന, വി.എം. പുഷ്പ, പി.ടി. നദീറ, പി.കെ. ലത്തീഫ്, കൃഷി ഓഫീസർ എം.എസ്. ഷബ്‌ന എന്നിവർ പങ്കെടുത്തു.