തിരുവമ്പാടി : പന്നി ഫാമിൽ റെയ്ഡ് നടത്തുന്നതിനിടെ വനംവകുപ്പ് അധികൃതർക്കുനേരെ നായകളെ അഴിച്ചുവിട്ട് ജീവൻ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസിൽ കീഴടങ്ങി. ഫാം ഉടമ പൂവാറൻതോട് കാക്ക്യാനിയിൽ ജിൽസൺ, കയ്യിലക്കകത്ത് വിനോജ്, പെരുമ്പൂള ആലയ്ക്കൽ ജെയിസൺ എന്നിവരാണ് തിരുവമ്പാടി പോലീസിൽ ബുധനാഴ്ച വൈകീട്ട് കീഴടങ്ങിയത്.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കീഴടങ്ങിയത്. പോലീസ് രജിസ്റ്റർ ചെയത് കേസിലാണ് പ്രതികൾ കീഴടങ്ങിയത്. വനംവകുപ്പ് കേസും നിലവിലുണ്ട്. പ്രതികളെ താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്തു.

ജനുവരി 21-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പൂവാറൻതോട് തമ്പുരാൻകൊല്ലി പന്നി ഫാമിൽ കാട്ടുപോത്ത് ഇറച്ചി പങ്കിട്ടെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ തിരുവമ്പാടി നായരുകൊല്ലി ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥർക്കുനേരെയാണ് നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചത്.

ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ. സജീവ് കുമാർ, ഗ്രേഡ് ഓഫീസർമാരായ ബി.കെ. പ്രവീൺ കുമാർ, കെ.പി. പ്രശാന്തൻ, ബീറ്റ് ഓഫീസർമാരായ ഒ. ശ്വേതാ പ്രസാദ്, എം.എസ്. പ്രസുധ എന്നിവർക്കുനേരെയാണ് നായകളെ തുറന്നുവിട്ടത്. ജീവാപായം മുൻകൂട്ടി കണ്ട് ഇവർക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു.

റെയ്ഡിൽ രണ്ട് നാടൻ തോക്ക്, 49 കിലോ ഉണക്കിയ കാട്ടുപോത്ത് ഇറച്ചി, കൊമ്പുകൾ, വടിവാൾ, വെട്ടുകത്തി, കൈമഴു എന്നിവ വനപാലകർ കണ്ടെത്തിയിരുന്നു. കേസിൽ മൊത്തം എട്ട് പ്രതികളാണുള്ളത്. പ്രതി കീഴുപറമ്പ് ഐലക്കോട്ടൂൽ സുലൈമാൻ നേരത്തേ കീഴടങ്ങിയിരുന്നു.

മറ്റു പ്രതികളായ കൂടരഞ്ഞി കയ്യാലക്കകത്ത് ബിനോയ്, തേക്കുംകുറ്റി കൂറപ്പൊയിൽ ജിനേഷ്, അള്ളി സണ്ണിപ്പടി കളരാത്ത് ഹരീഷ് കുമാർ, പൂവാറൻതോട് ആലയ്ക്കൽ മോഹനൻ എന്നിവരെ നേരത്തേ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ അറസ്റ്റ് ചെയ്തിരുന്നു.

പന്നി ഫാമിൽ 12 നായകളെയാണ് വളർത്തിയിരുന്നത്. ഇതിൽ മൂന്നെണ്ണത്തെയാണ് തുറന്നുവിട്ടത്. റാപ്പിഡ് റെസ്‌പോൺസ് ടീമുൾപ്പെടെ അന്വേഷിച്ച കേസാണിത്.