ഗുരുവായൂർ : ക്ഷേത്രത്തിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്കാണ്. മൂന്നിന് കണിദർശനം കഴിഞ്ഞാൽ ഭഗവാന്‌ തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇക്കൊല്ലവും കണിദർശനത്തിന് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

തലേദിവസം രാത്രി അത്താഴപ്പൂജയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാർ ശ്രീലകത്ത് വിഷുക്കണിയൊരുക്കും. ഗുരുവായൂരപ്പ മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണത്തിടമ്പ് പൊൻമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെയ്ക്കും. മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളും. വിഷുനാളിൽ പുലർച്ചെ 2.15-ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിക്കും.

നെയ് നിറച്ച നാളികേരമുറികളിലെ അരിത്തിരികളിലേക്ക് അഗ്നി പകർന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. തൃക്കൈയിൽ വിഷുക്കൈനീട്ടം സമർപ്പിച്ചശേഷം ശ്രീലകവാതിൽ തുറക്കും. ഉച്ചയ്ക്ക് ഗുരുവായൂരപ്പന് നമസ്‌കാരസദ്യയും രാത്രി വിഷുവിളക്കും ഉണ്ടാകും.