ഫറോക്ക് : വിദ്യാർഥിക്ക്‌ സ്‌ക്രൈബായി പരീക്ഷയെഴുതാൻ സഹായിച്ചതിനു കിട്ടിയ തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഹർഷിയ ബാനുവിന്റെ നന്മനിറഞ്ഞ മനസ്സിന് അഭിനന്ദന പ്രവാഹം.

മാതൃഭൂമി വാർത്ത കണ്ട് രാജ്യസഭാംഗം ബിനോയ് വിശ്വം, വി.കെ.സി. മമ്മത് കോയ എം.എൽ.എ., ബേപ്പൂർ നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എ. പി.എ. മുഹമ്മദ് റിയാസ്, ജില്ലാപഞ്ചായത്തംഗം അഡ്വ പി. ഗവാസ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് വി. അനുഷ, കടലുണ്ടി കമ്യൂണിറ്റി റിസർവ് മുൻ ചെയർമാൻ അനിൽ മാരാത്ത് തുടങ്ങിയവരടക്കം ഒട്ടേറേ പേർ ഫോണിലൂടെ ഹർഷിയ ബാനുവിനെ അഭിനന്ദിച്ചു. സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെ പരിക്ഷ എഴുതിയാൻ സഹായിച്ചതിന് ലഭിച്ച 900 രൂപയാണ് ഹർഷിയ ബാനു മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് കൈമാറിയത്.