ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.81 ശതമാനം

കോഴിക്കോട് : ജില്ലയിൽ വ്യാഴാഴ്ച 5700 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 13 പേർക്കും പോസിറ്റീവായി. 103 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 5581 പേർക്കാണ് പോസിറ്റീവായത്.

20778 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 3996 പേർകൂടി രോഗമുക്തിനേടി. 28.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 52,228 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

കോഴിക്കോട് കോർപ്പറേഷനിൽ 1806 പേർക്ക് സമ്പർക്കംവഴി കോവിഡ് പോസിറ്റീവായി. മൂന്ന് ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ 52,228 ആണ്. 292 പേരാണ് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ. 75 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.

ഒരുകോടി കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കണം

കോഴിക്കോട് : കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 27 ശതമാനത്തിനു മുകളിലായത് കണക്കിലെടുത്ത് അടിയന്തരമായി ഒരുകോടി ഡോസ് കോവിഡ് വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് എം.വി.ആർ. ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, കേരളത്തിലെ ലോക്‌സഭ - രാജ്യസഭ അംഗങ്ങൾ എന്നിവർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രം കേരളത്തിലേക്ക് വാക്സിൻ എത്തിക്കണം. രണ്ടാംഘട്ട വാക്സിൻ എടുക്കാനായി സർക്കാർ ആശുപത്രികൾക്കെന്നപോലെ സഹകരണ, സ്വകാര്യ ആശുപത്രികളിലേക്കും ഉടനടി കൂടുതൽ ഡോസ് അനുവദിക്കണമെന്നും സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.