പ്രയാസത്തിലായവർക്ക് സഹായംഎത്തിച്ചുതുടങ്ങി

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും പല മേഖലകളും ക്രിട്ടിക്കൽ കൺടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയുംചെയ്ത സാഹചര്യത്തിൽ പ്രയാസത്തിലായവർക്ക് സഹായം എത്തിച്ചുതുടങ്ങി. പ്രതിരോധനടപടികൾ ഊർജിതമാക്കിയതോടെ പല സ്ഥലങ്ങളും അടച്ചുപൂട്ടി. ഇതേത്തുടർന്ന് വിവിധ കോളനികളിൽ ഭക്ഷണക്ഷാമവും അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒൻപതാംവാർഡിലെ മുതപ്പറമ്പ് കോളനിയിലെ കുടുംബങ്ങൾക്ക് ഗ്രാമപ്പഞ്ചായത്ത് അംഗം ബാബു പൊലുകുന്നത്തിന്റെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾ വിതരണംചെയ്തു.

അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് വൊളന്റിയർമാരെയും ചുമതലപ്പെടുത്തി. നിരീക്ഷണത്തിൽ നിൽക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും അലോപ്പതി, ആയുർവേദ മരുന്നുകളും വിതരണംചെയ്തു. സെക്‌ട്രൽ മജിസ്ട്രേറ്റ്, വാർഡംഗം എന്നിവരുടെ സാന്നിധ്യത്തിൽ ദിവസേന ആരോഗ്യവകുപ്പ് ജീവനക്കാരും കോവിഡ് ഓഫീസർമാരും ആർ.ആർ.ടി. വൊളന്റിയർമാരും മോണിറ്ററിങ്‌ നടത്തുന്നുണ്ടന്ന് ബാബു പൊലുകുന്ന് പറഞ്ഞു. കോവിഡ് ഓഫീസർ നൂറുദിൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ മുഹമ്മദ് മോൻ, ആർ.ആർ.ടി. വൊളന്റിയർമാരായ ഷൗക്കത്ത് അലി, യു.കെ. അശോകൻ, വിഷ്ണു കയ്യൂണമ്മൽ, മുനീർ മുതപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. കോളനിയിലെ കുടിവെള്ളമടക്കമുള്ള പ്രശ്നങ്ങൾ കളക്ടറുടെയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും വാർഡംഗം പറഞ്ഞു.

നരിക്കുനിയിൽ ഹോമിയോമരുന്ന്നൽകും

നരിക്കുനി : നരിക്കുനി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നരിക്കുനി ഗ്രാമപ്പഞ്ചായത്തും, നരിക്കുനി ഗവ.ഹോമിയോ ഡിസ്പെൻസറിയും പഞ്ചായത്തിലെ മുഴുവൻവീടുകളിലും ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ ഔഷധങ്ങൾ നൽകുന്നു. വാർഡുകളിലേക്കുള്ള മരുന്നുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീമിന് ഹോമിയോ മെഡിക്കൽഓഫീസർ ഡോ. ടി.പി. അരുൺകൃഷ്ണൻ കൈമാറി.

വാർഡ്മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി. വൊളന്റിയർമാർ കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് വരുംദിവസങ്ങളിൽ ഇത് വീടുകളിൽ എത്തിക്കും. പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കടകൾ സെക്ടറൽ മജിസ്ട്രേറ്റും പോലീസും ആർ.ആർ.ടി. വൊളന്റിയർമാരും ചേർന്ന് അടപ്പിച്ചു. കോവിഡ് ടെസ്റ്റുകൾ ഇനിമുതൽ നേരത്തേ നടത്തിയിരുന്ന പാറന്നൂർ ജി.എം.എൽ.പി. സ്കൂളിൽ നടത്തും.

ഇമ്യൂൺ ബൂസ്റ്ററിന്റെ പഞ്ചായത്തുതല വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഉമ്മുസൽമയ്‌ക്ക് നൽകി പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ജൗഹർ പൂമംഗലം, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ സുനിൽകുമാർ, സി.പി. ലൈല, സുബൈദ, കെ.കെ. ലതിക എന്നിവർ പങ്കെടുത്തു. മരുന്നുകൾ സ്പോൺസർ ചെയ്ത കെ.സി. കോയയെ അഭിനന്ദിച്ചു.

കാരശ്ശേരിയിൽ 53 പേർക്ക് കോവിഡ്

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽ വ്യാഴാഴ്ച 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 477 പേരാണ് ചികിത്സയിലുള്ളത്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വ്യാഴാഴ്ച 13 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. 16 പേർ രോഗമുക്തരായി.

എകരൂൽ : കോവിഡ് വ്യാപനം രൂക്ഷമായതോടെ 23 വാർഡുകളുള്ള ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തും ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നിലവിൽ 688 പോസിറ്റീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ മങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടറും ഒരു സ്റ്റാഫ് നഴ്സും ഉൾപ്പെടും.