ബാലുശ്ശേരി : പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലേക്ക് കുതിച്ചെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിനുമുകളിലേക്ക് ഓടിക്കയറി ഒരാളെ കയറിൽ താഴേക്കിറക്കുന്നത് കണ്ട യാത്രക്കാർ അന്ധാളിച്ചു നിന്നുപോയി.

പിന്നീടാണ് നരിക്കുനി അഗ്നിരക്ഷാ യൂണിറ്റ് സംഘടിപ്പിച്ച മോക്ക് ഡ്രില്ലും ബോധവത്കരണ പരിപാടിയും ആണെന്ന് മനസ്സിലായത്. കെട്ടിടങ്ങൾക്ക് തീ പിടിച്ചാൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നും തീ അണയ്ക്കുന്നതെങ്ങനെയെന്നും സേനാംഗങ്ങൾ യാത്രക്കാർക്കുമുന്നിൽ അവതരിപ്പിച്ചു.

അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഒരു മണിക്കൂർ നേരത്തെ ബോധവത്‌കരണ പരിപാടികൾക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഫയർ ഓഫീസർ ജോബി വർഗീസ്, മറ്റു ജീവനക്കാരായ ദിലീപ്, സിദീഷ്, സനൂപ്, അതുൽ, അർജുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.