സി.കെ. ജിജിൽ

താമരശ്ശേരി

: പുതുപ്പാടി വില്ലേജിലെ 1500-ലേറേ കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയം സംബന്ധിച്ച പ്രശ്നം പരിഹാരമാവാതെ നീളുന്നതിൽ പ്രദേശത്തുകാർ ആശങ്കയിൽ. മുഖ്യമന്ത്രിയുടെ സാന്ത്വനസ്പർശം അദാലത്തിൽ ലഭിച്ച ഉറപ്പുപ്രകാരം അടിയന്തരമായി ഹൈക്കോടതി ഹിയറിങ്‌ നടപ്പാക്കണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

നേരത്തേ ഭൂമിയുടെ ഉടമകളായിരുന്ന കോട്ടനാട് പ്ലാന്റേഷനും അവർക്ക് ഈ ഭൂമി പാട്ടത്തിനുനൽകിയ വട്ടക്കുണ്ടുങ്ങൽ കുടുംബവും തമ്മിലുള്ള കേസിൽ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞുകൊണ്ട് 1997-ലാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവിറക്കിയത്. ഭൂമിയിൽ വട്ടക്കുണ്ടുങ്ങൽ കുടുംബം അവകാശമുന്നയിച്ചതിനെത്തുടർന്നായിരുന്നു കേസ്.

പക്ഷേ, ഇപ്പോൾ താമസിക്കുന്നത് വർഷങ്ങൾക്കുമുമ്പേ ഭൂമി വിലകൊടുത്തു വാങ്ങിയവരും എല്ലാ രേഖകളും കൈവശമുള്ളവരുമാണ്. ഭൂമിയുടെ ക്രയവിക്രയം തടഞ്ഞതോടെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ദുരിതത്തിലായി. വിവാഹംപോലുള്ള ആവശ്യങ്ങൾക്ക് സ്ഥലം വിൽക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.

97-ൽ കോടതിവിധിയുണ്ടായെങ്കിലും ഏറെ കഴിഞ്ഞാണ് അത് വില്ലേജ് ഓഫീസിലെത്തിയതും പ്രാബല്യത്തിൽ വരുന്നതും. ട്രൈബൽ വകുപ്പിന്റെ പുതുപ്പാടി പ്രീ മെട്രിക് ഹോസ്റ്റലും ഈങ്ങാപ്പുഴ എം.ജി.എം. സ്കൂളും ഒരു കോളനിയും പ്രശ്നത്തിൽപ്പെട്ട സർവേ നമ്പറുകളിലാണുള്ളത്.

ഭൂമിയുടെ പഴയ അവകാശികൾ ഭൂമി പാട്ടത്തിനെടുത്ത കമ്പനിക്കെതിരേ നൽകിയ കേസിനെ തുടർന്നായിരുന്നു കോടതിവിധി. 1930-ലാണ് പ്രസ്തുത ഭൂമി കമ്പനി പാട്ടത്തിനെടുത്തത്. ഈ ഭൂമി 1950 മുതൽ കമ്പനി വിവിധയാളുകൾക്ക് മുറിച്ചുവിറ്റു. എന്നാൽ, കേസ് കോടതിയിലെത്തിയപ്പോൾ ഭൂമി വാങ്ങിയവരെ കക്ഷിയായി ചേർത്തില്ല. ഇതോടെ ഭൂമി വാങ്ങിയവരുടെ വാദം കേൾക്കാതെ കോടതി ക്രയവിക്രയം തടയുകയായിരുന്നു.

2018 മാർച്ച് 19-ന് പുതുപ്പാടി വില്ലേജ് ഓഫീസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി സബ് രജിസ്ട്രാർ വില്ലേജിലെ 14 സർവേ നമ്പറിൽപ്പെട്ട ഭൂമിയുടെ ക്രയവിക്രയം തടഞ്ഞു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, ചേലോട്, കാക്കവയൽ, കരികുളം എന്നീ പ്രദേശങ്ങളിലെ 1500-ലേറെ കുടുംബങ്ങളാണ് ഭൂമി കൈമാറാനോ ബാങ്കിൽ പണയംവെച്ച് അത്യാവശ്യകാര്യങ്ങൾ നിറവേറ്റാനോ കഴിയാതെ കുടുക്കിൽപ്പെട്ടിരിക്കുന്നത്.

1930-ലാണ് വട്ടക്കുണ്ടുങ്ങൽ മൊയ്തു പാട്ടക്കരാർവ്യവസ്ഥയിൽ ഭൂമി കോട്ടനാട് പ്ലാന്റേഷന് 62 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഇത് 1992-നുശേഷവും തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടക്കുണ്ടുങ്ങൽ കുടുംബാംഗങ്ങൾ കമ്പനിക്കെതിരേ കേസ് ഫയൽ ചെയ്തത്. പ്രശ്നം പരിഹാരമാവാതെ നീളുന്നതോടെ സ്വന്തം വീട്ടിൽ പൂർണ ഉടമകളല്ലാതെ ജീവിക്കുകയാണ് കുടുംബങ്ങൾ.

അരക്ഷിതത്വത്തിലാണ് ഇവിടത്തെ കുടുംബങ്ങൾ കഴിയുന്നത്. ഭൂമിപ്രശ്നം തീരുമാനമാകാത്തതിനാൽ പ്രദേശത്തുള്ള വിവാഹപ്രായമായവരും ബുദ്ധിമുട്ടിലാണ്. ഇവിടെനിന്നുള്ള വിവാഹാലോചനകൾ ഇതേ കാരണത്താൽ നിരസിക്കപ്പെടുന്നതും പതിവായിട്ടുണ്ട്. പണംകൊടുത്തു വാങ്ങിയ സ്ഥലം

-ൽ പണംകൊടുത്ത് വാങ്ങിയതാണ് എന്റെ വീട് നിൽക്കുന്ന സ്ഥലം. ഈയടുത്താണ് ഇത് പണയംവെക്കാനോ വിൽക്കാനോ ഒന്നും കഴിയില്ലെന്ന് കേൾക്കാൻ തുടങ്ങിയത്. തെറ്റുചെയ്തത് കമ്പനി ആണെങ്കിൽ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഇവിടത്തെ സാധാരണക്കാരെ കുരുക്കിൽനിന്ന് രക്ഷപ്പെടുത്തണം. സ്വന്തം മണ്ണിൽ അന്യരെപ്പോലെ കഴിയുകയാണ് ഈ വാർധക്യത്തിൽ.

കെ.ജെ. ദേവസ്യ,

കാണക്കാരിത്തോട്ടംവിവാഹാലോചനകൾകുറയുന്നു

ഭൂമി വിൽക്കാനോ വാങ്ങാനോ പണയംവെക്കാനോ കഴിയില്ലെന്നതു കാരണം വിവാഹാലോചനകൾപോലും കുറയുകയാണ്.

ഇവിടെനിന്ന് വിവാഹം കഴിക്കാനും ഇവിടേക്ക് വിവാഹിതരായിവരാനും പലർക്കും താത്‌പര്യമില്ലാതായി. അത്യാവശ്യത്തിന് ഭൂമി പണയപ്പെടുത്തി ലോൺ എടുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

കാസിം,

പുതുപ്പാടി