ഉള്ളിയേരി : തെയ്യങ്ങൾക്ക് ദൈവികഭാവം പകർന്ന് ആട്ടംനടത്തിയ കലാകരനായിരുന്നു വിടവാങ്ങിയ മുന്നൂറ്റൻകണ്ടി എം.കെ. ബാലൻ (86). 12-ാം വയസ്സിൽ പിതാവ് ചന്തുക്കുട്ടിമുന്നൂറ്റന്റെ അനുഗ്രഹത്തോടെ പുത്തൻമുടിവെച്ച് തിറയാട്ടം തുടങ്ങി. വീടിനടുത്തുള്ള അരുമ്പയിൽ പരദേവതാക്ഷേത്ര തിരുമുമ്പിലായിരുന്നു അരങ്ങേറ്റം. നൂറോളം ക്ഷേത്രങ്ങളിൽ ഇതിനകം തെയ്യം അവതരിപ്പിച്ചു. അഞ്ചുവർഷം മുമ്പുവരെ കെട്ടിയാട്ടം നടത്തിയിരുന്നു. ആറുപതിറ്റാണ്ടാണ് കലാനിർവഹണം നടത്തിയത്. ഗുരു, പരദേവത, ഭഗവതി, കരിയാത്തൻ, തലച്ചില്ലോൻ, പാമ്പൂരികരുവൻ തുടങ്ങിയ തിറകളാണ് കൂടുതൽ കെട്ടിയാടിയത്. മൂർത്തീരൂപങ്ങളെ ഭക്തിയിലൂടെ തന്നിലേക്കാവാഹിച്ചാണ് ആട്ടം നടത്തുന്നതെന്ന് തിറയാട്ടത്തിലെ മികവിന്റെ രഹസ്യം ആരായുന്നവരോട് അദ്ദേഹം പറയുമായിരുന്നു. മലയാളനാടിന്റെ അഭിമാനമായ തെയ്യം കലയെ ഏഷ്യാഡിലൂടെ വൻകരയുടെ വിവിധഭാഗങ്ങളിലെത്തിച്ചു. തെയ്യംകല യുവതലമുറയിലേക്ക് പകരാൻ സ്വയംപ്രഭ തെയ്യം കലാസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചു. തെയ്യം നടനകലാക്ഷേത്രം രൂപവത്കരിച്ച് സാമൂഹികവേദികളിൽ തെയ്യമവതരിപ്പിച്ചു. തോറ്റം, തെയ്യം എന്നിവയിലെ മികവിന് 2001-ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയിരുന്നു. തുടർന്ന് ഒട്ടേറെ സംഘടനകൾ ആദരവും അനുമോദനവും നൽകി. എം.കെ. ബാലന്റെ നിര്യാണത്തിൽ ഉള്ളിയേരി കനാൽതീരം സൗഹൃദക്കൂട്ടായ്മ അനുശോചിച്ചു. പി.പി. സാജു അധ്യക്ഷനായി.