ബേപ്പൂർ : ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്കായി തുറമുഖ പരിസരത്ത്‌ നിർമിച്ച വിശ്രമകേന്ദ്രം ടൂറിസം-പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്തു. ലക്ഷദ്വീപ്‌ യാത്രക്കാരുടെ ഏറെനാളത്തെ ആഗ്രഹമാണ്‌ യാഥാർഥ്യമായതെന്ന്‌ മന്ത്രി പറഞ്ഞു.

കപ്പലിൽ യാത്രചെയ്യാൻ ടിക്കറ്റ്‌ എടുത്തശേഷം ക്ലിയറൻസ്‌ ലഭിക്കുന്നതുവരെ യാത്രക്കാർ റോഡിലും മറ്റിടങ്ങളിലും കഴിഞ്ഞുകൂടേണ്ട അവസ്ഥയായിരുന്നു. മുൻ എം.എൽ.എ. വി.കെ.സി. മമ്മദ്‌കോയയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്‌ 10 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ വിശ്രമകേന്ദ്രം പണിതത്‌. തുറമുഖത്ത്‌ നടന്ന ചടങ്ങിൽ കൗൺസിലർ എം. ഗിരിജ അധ്യക്ഷയായി. കൗൺസിലർ ടി. രജിനി, ലക്ഷദ്വീപ്‌ പോർട്ട്‌ അസിസ്റ്റന്റ്‌ ഡയറക്ടർ സീതികോയ, ലക്ഷദ്വീപ്‌ പോർട്ട്‌ അസിസ്റ്റന്റ്‌ മുഹമ്മദ്‌ യുക്കിന, കെ. രാജീവ്‌, ഹാർബർ എൻജിനീയറിങ്‌ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എൻജിനീയർ ടി. ജയദീപ്‌, അസിസ്റ്റന്റ്‌ എൻജിനീയർ ജീവാനന്ദ്‌, ക്യാപ്‌റ്റൻ പ്രതീഷ്‌ നായർ തുടങ്ങിയവർ സംസാരിച്ചു.