വിമതനും സജീവം
നടക്കുന്നത് ത്രികോണമത്സരം
വടകര : തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് ഗ്രാമപ്പഞ്ചായത്തുകളിൽ യു.ഡി.എഫ്. ഏറെ പ്രതീക്ഷയോടെ കാണുന്ന ആയഞ്ചേരിയിൽ ഇത്തവണയും കോൺഗ്രസിൽ തമ്മിലടി. പന്ത്രണ്ടാം വാർഡിലാണ് ഔദ്യോഗികസ്ഥാനാർഥിക്കു പുറമെ വിമത സ്ഥാനാർഥിയും സജീവമായി രംഗത്തിറങ്ങിയത്. കഴിഞ്ഞതവണയും കോൺഗ്രസിന് ഇതേ വാർഡിൽ വിമതസ്ഥാനാർഥിയുണ്ടായിരുന്നു. 130 വോട്ട് അന്ന് വിമതസ്ഥാനാർഥി നേടിയങ്കിലും ഔദ്യോഗികസ്ഥാനാർഥി 23 വോട്ടിന് വിജയിച്ചു.
ഇത്തവണയും ശക്തമായ ത്രികോണമത്സരത്തിന്റെ സാഹചര്യം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞു. മത്സരം കടുത്താൽ അത് ഇടതുമുന്നണിയുടെ ജയത്തിൽ കലാശിക്കുമെന്ന ആശങ്ക യു.ഡി.എഫ്. നേതൃത്വത്തിൽ ഉയർന്നിട്ടുണ്ട്. ഒരുവാർഡ് നഷ്ടപ്പെട്ടാൽ ഭരണംതന്നെ നഷ്ടപ്പെടാവുന്ന സ്ഥിതിയുമുണ്ടാകും. തോടന്നൂർ ബ്ലോക്കിൽ കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയ ഏകപഞ്ചായത്താണിത്.
ഈയ്യിടെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്റെ വീടുള്ള വാർഡാണിത്. സ്ഥാനാർഥി നിർണയത്തിൽ ധാരണയാകാത്തതിനാൽ ഇവിടെ മുതിർന്ന കോൺഗ്രസ് നേതാവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന തേറത്ത് കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരും യൂത്ത് കോൺഗ്രസ് നേതാവ് നൈസാം തറോപ്പൊയിലും പത്രിക നൽകിയിരുന്നു.
പത്രിക നൽകിയശേഷവും സമവായശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇതോടെ കുഞ്ഞികൃഷ്ണൻ നമ്പ്യാർക്ക് കോൺഗ്രസ് കൈപ്പത്തി ചിഹ്നം നൽകി.
നൈസാം സ്വതന്ത്രനായി മത്സരരംഗത്ത് നിലയുറപ്പിച്ചെന്ന് മാത്രമല്ല ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ നൈസാമിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.
ഇതോടെ കോൺഗ്രസിലെ രണ്ട് സ്ഥാനാർഥികൾ വാശിയോടെ പോരാടുന്ന കാഴ്ചയാണ് ഇവിടെ. ഇതിനിടെ നൈസാമിനെയും പിന്തുണയ്ക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബ് ചോയികണ്ടിയെയും പുറത്താക്കിക്കൊണ്ട് ഡി.സി.സി അച്ചടക്കത്തിന്റെ വാൾ വീശിയെങ്കിലും ഇതൊന്നും ഇവിടെ വിലപ്പോയിട്ടില്ല. ശക്തമായ പ്രചാരണമാണ് നൈസാമിനുവേണ്ടി നടക്കുന്നത്. പ്രചാരണകമ്മിറ്റി ഓഫീസ് ഉൾപ്പെടെ തുറന്നു.
ഔദ്യോഗിക സ്ഥാനാർഥി തേറത്ത് കുഞ്ഞികൃഷ്ണനും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കുറച്ച് വോട്ട് നൈസം പിടിക്കുമെന്നല്ലാതെ കോൺഗ്രസിന്റെ വിജയത്തെ തടയാൻ കഴിയില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ചെറിയൊരു വിഭാഗത്തിന്റെ പിന്തുണമാത്രമാണ് വിമതസ്ഥാനാർഥിക്കുള്ളത്. യു.ഡി.എഫ്. സംവിധാനം തനിക്കൊപ്പമാണ്. കഴിഞ്ഞതവണയും വിമതസ്ഥാനാർഥി മത്സരിച്ചെങ്കിലും ഔദ്യോഗിക സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച നടക്കും.
എൽ.ഡി.എഫ്. ഇവിടെ രംഗത്തിറക്കിയത് കഴിഞ്ഞതവണ പഞ്ചായത്തംഗമായ ടി.വി. കുഞ്ഞിരാമൻ മാസ്റ്ററെയാണ്. ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വവും കോൺഗ്രസിലെ പ്രശ്‌നങ്ങളും ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആയഞ്ചേരിയിൽ ഭരണം പിടിക്കാൻ ഇതിലും വലിയ അവസരം ഇല്ലെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തൽ.
കഴിഞ്ഞ തവണ യു.ഡി.എഫ്. പത്ത് സീറ്റും എൽ.ഡി.എഫ്. ഏഴ് സീറ്റുമാണ് ഇവിടെ നേടിയത്. എൽ.ജെ.ഡി. എൽ.ഡി.എഫിലെത്തിയതോടെ അംഗസംഖ്യ എട്ടായി ഉയർന്നു. യു.ഡി.എഫിന്റേത് ഒമ്പതായി. പിന്നീട് കോൺഗ്രസിലെ ഒരംഗത്തിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണവും എൽ.ഡി.എഫ്. പിടിച്ചു.
ഒരു സീറ്റിന്റെ വ്യത്യാസം മാത്രമേ നിലവിലുള്ളൂ എന്നതിനാൽ ഈ സീറ്റ് നിർണായകമാണ്.