ഒഞ്ചിയം : 'ലോക്ഡൗണിൽ ഇളവുവന്നശേഷം വീടുകളിൽ പോയെങ്കിലും ജോലിചെയ്യാമായിരുന്നു... ഇപ്പോൾ അതുംനടക്കുന്നില്ല... ഇതോടെ വട്ടപ്പൂജ്യമാണ് വരുമാനം...'- ബാർബർ ജോലിചെയ്യുന്നവരുടെ ദുരിതം പ്രതിഫലിക്കുന്നതാണീ വാക്കുകൾ.
മുഖംമിനുക്കിയും തലമുടി ചിട്ടപ്പെടുത്തിയും ആളുകളുമായി അടുത്ത് സമ്പർക്കംപുലർത്തി ജീവിതം നെയ്തുകൂട്ടിയ ബാർബർസമൂഹത്തിന്റെ ജീവിതം ഇപ്പോൾ ഒട്ടുംസുന്ദരമല്ല. ഇവരുടെ അടുത്തുപോയി സൗന്ദര്യംചോരാതെ കാത്തവരും പ്രതിസന്ധിയിൽത്തന്നെ. മറ്റ് ജോലികളെ അപേക്ഷിച്ച് കോവിഡ് നിയമാവലിപാലിച്ച് ഉപഭോക്താവിന് മുഖാവരണംവെച്ചുകൊണ്ട് ജോലിചെയ്യാൻ പറ്റില്ലെന്നതാണ് പ്രധാനപ്രതിസന്ധി.
മിക്ക തദ്ദേശസ്ഥാപനങ്ങളും കൺടെയ്‍ൻമെന്റ് സോണായതിനാൽ എവിടെയും ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുറക്കുന്നില്ല.
ലോക്ഡൗണിൽ ഇളവുവന്നശേഷം കുറച്ചുദിവസം ബാർബർ ഷോപ്പുകൾ തുറന്നിരുന്നു. ബ്യൂട്ടിപാർലറുകളാകട്ടെ വളരെ കുറച്ചുമാത്രമാണ് തുറന്നത്. വിവാഹങ്ങൾ, മറ്റ് ആഘോഷപരിപാടികൾ എന്നീ വേളകളിലാണ് ബാർബർ ഷോപ്പുകളിലും ബ്യൂട്ടിപാർലറുകളിലും തിരക്കേറുക. ഇപ്പോൾ അത്യാവശ്യം കാര്യങ്ങളൊക്കെ പലരും സ്വന്തമായി ചെയ്യുന്ന സ്ഥിതിയുമുണ്ടായി. വലിയ പണംമുടക്കി ഹൈടെക് സ്ഥാപനങ്ങൾ ഉണ്ടാക്കി അതിഥിതൊഴിലാളികളെ കൊണ്ടുവന്ന് ജോലിചെയ്യിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അതിഥിതൊഴിലാളികളുടെ വരവ് പരമ്പരാഗത ബാർബർതൊഴിലാളികൾക്ക് തിരിച്ചടിയാണ്. ഈ സമയത്താണ് കോവിഡും വില്ലനായത്. പരമ്പരാഗതമേഖലയിൽനിന്ന് പുതുതായി ഈ മേഖലയിലേക്ക് ആരും കടന്നുവരുന്നുമില്ല.
ഹെൽത്ത് കാർഡ് വേണം
തൊഴിലിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ സർക്കാരിന്റെ അംഗീകാരമുളള ഹെൽത്ത് കാർഡ് വേണം. കോവിഡ്കാലത്ത് ക്ഷേമനിധിക്ക് പുറമേ വായ്പാസഹായപദ്ധതി ഒരുക്കണം. തൊഴിൽ പഠിച്ചവർക്കുമാത്രം ലൈസൻസ് നൽകണം .
എ.കെ. ശ്യം പുറമേരി
(ജില്ലാസെക്രട്ടറി, കെ.എസ്.ബി.എ.)
സഹായം വേണം
ഏറെനാളായി കോവിഡ് ഭീഷണിയിൽ തൊഴിലില്ലാതെ വീട്ടിലിരിക്കുന്നു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം അത്യാവശ്യമാണ്
പി.കെ. ബാലൻ മടപ്പള്ളി
(പരമ്പരാഗത ബാർബർതൊഴിലാളി )
ആഘോഷങ്ങൾ ഇല്ലാതായത് തിരിച്ചടി
കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗണിന് മുമ്പേ സ്ഥാപനം അടച്ചു. തൊഴിൽ ഇല്ലാത്തതിനാൽ വലിയ പ്രയാസത്തിലാണ്. ഉപജീവനമാർഗം തേടിയാണ് വനിതകൾ ഏറെയും ഈ മേഖലയിലെത്തിയത്. കല്യാണം, ആഘോഷങ്ങൾ, സ്കൂൾ സീസണുകൾ എന്നിവ ഇല്ലാതായത് വലിയ തിരിച്ചടിയായി.
പ്രസീത ധർമരാജ്
(ഹെർമിറർ ബ്യൂട്ടിപാർലർ, ഓർക്കാട്ടേരി)
തൊഴിലാളികൾ ജില്ലയിൽ
ആകെ- 6500 , ബ്യൂട്ടീഷ്യൻമാർ- 1300
അതിഥിതൊഴിലാളികൾ - 1200