കോഴിക്കോട് : വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് വൈകാതെ തന്നെ വെയിലേൽക്കാതെ പണിയെടുക്കാം. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ടപണി ഉടൻ പൂർത്തിയാവും. കഴിഞ്ഞ വർഷമാണ് മേൽക്കൂരയുടെ ആദ്യഘട്ടപണി പൂർത്തിയായത്. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്. 75 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. രണ്ടാംഘട്ടത്തിൽ 210 മീറ്ററാണ് മേൽക്കൂര ഒരുക്കുന്നത്. രണ്ട് കോടിയോളം പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. വലിയ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് അലൂമിനിയം ഷീറ്റിടുന്നത്. സുഗമമായ വായുസഞ്ചാരം ഉറപ്പാക്കിയാണ് മേൽക്കൂര പണിയുന്നത്.

രണ്ടാംഘട്ടപണി പൂർത്തിയായാൽ കയറ്റിറക്ക് തൊഴിലാളികൾ ജോലി ചെയ്യുന്ന ഭാഗങ്ങൾ മേൽക്കൂരയ്ക്ക് കീഴിലാവും. ഉയരത്തിലായതിനാൽ പണിയെ ബാധിക്കില്ല. വലിയങ്ങാടിയിലെ കച്ചവടത്തിന് തടസ്സം വരാതിരിക്കാൻ രാത്രികാലങ്ങളിലാണ് കൂടുതലായി പണിനടക്കുന്നത്.

നേരത്തേ വലിയങ്ങാടിയിലുള്ളവർ തന്നെ വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ താത്‌കാലിക സൗകര്യങ്ങൾ ഒരുക്കാറുണ്ടായിരുന്നു. പിന്നീടാണ് വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിക്കൊണ്ട് സ്ഥിരം സംവിധാനമെന്ന ചിന്തയിലേക്കെത്തിയത്. വ്യാപാരികളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

മേൽക്കൂരയ്ക്ക് കീഴെ ലൈറ്റ് സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. അതുപോലെ ഉറങ്ങാത്ത തെരുവെന്ന രീതിയിൽ വലിയങ്ങാടിയെയും പരിസര യും മാറ്റുന്ന പദ്ധതിയും നേരത്തേ പറഞ്ഞിരുന്നു. ഭാവിയിൽ അതുകൂടി യാഥാർഥ്യമാകുമ്പോൾ വലിയങ്ങാടിയിൽ വലിയ മാറ്റമാണുണ്ടാവുകയെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.