കോഴിക്കോട് : രാജ്യത്ത് കോവിഡ് ആശുപത്രികളിൽ അടിക്കടി ഉണ്ടാകുന്ന തീപ്പിടിത്തങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്, കോവിഡ് ഐ.സി.യു. എന്നിവയുടെ സുരക്ഷാ പരിശോധനയും ജീവനക്കാർക്ക് പരിശീലനവും നൽകി.

വെള്ളിമാടുകുന്ന് ഫയർ ആൻഡ്‌ സേഫ്ടി സേനയുടെ നേതൃത്വത്തിൽ എൻ.എം.സി.എച്ചിലെ ആറ്, ഏഴ്, എട്ട് വാർഡുകളിലും പി.എം.എസ്.എസ്.വൈ. ബ്ലോക്കിലുമാണ് പരിശോധന നടത്തിയത്. ഓക്സിജൻ പ്ലാന്റിൽ ചോർച്ച സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടി, ഐ.സി.യു. വാർഡുകളിൽ ഇലക്‌ട്രിക് സർക്യൂട്ടിലെ തകരാറ് മൂലം സംഭവിക്കുന്ന അപകടസാധ്യത, പരിഹാരം തുടങ്ങി വിവിധ ഫയർ സേഫ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വകുപ്പുമേധാവികൾ, നഴ്‌സിങ് സൂപ്രണ്ടുമാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. അടുത്ത രണ്ട് ദിവസങ്ങളിൽക്കൂടി ബന്ധപ്പെട്ട ജീവനക്കാർക്ക് പരിശീലനം നൽകും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഗരത്തിലെ ഇഖ്‌റ തുടങ്ങിയ ആശുപത്രികളിലും പരിശോധന നടത്തി.

ഫയർ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, ഡോ. കെ.ജി. സുജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.