കൊടുവള്ളി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് പ്രവർത്തിച്ച രണ്ടു ടെക്സ്റ്റൈൽ കടകൾ കൊടുവള്ളി നഗരസഭ അധികൃതർ അടപ്പിച്ചു. കൊടുവള്ളിയിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ടെക്സ്റ്റൈൽസുകളാണ് അടപ്പിച്ചത്. ഈ രണ്ട് ഷോപ്പുകളിലും നൂറിൽപ്പരം ആളുകളാണ് തടിച്ചുകൂടിയത്. യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കച്ചവടക്കാർ ആളുകളെ കടയിലേക്ക് പ്രവേശിപ്പിച്ചതെന്നും ഇതേത്തുടർന്നാണ്‌ വലിയ തിരക്കുണ്ടായതെന്നും കൊടുവള്ളി നഗരസഭാസെക്രട്ടറി എ. പ്രവീൺ പറഞ്ഞു. രണ്ടു കടകൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർചെയ്തു. നഗരസഭ, പോലീസ്, തഹസിൽദാർ എന്നിവർ ചേർന്നാണ് കടകളിൽ പരിശോധന നടത്തിയത്.

നരിക്കുനി : അങ്ങാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിച്ച കടകൾ സെക്ടറൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പോലീസ് അടപ്പിച്ചു. അങ്ങാടി ഉൾപ്പെടുന്ന ആറ്, ഏഴ് വാർഡുകൾ കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും നിയന്ത്രണം പാലിക്കാതെ കടകളുടെ ഉദ്ഘാടനങ്ങളും തിരക്കും അങ്ങാടിയിൽ പതിവായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും പൂട്ടി. അടുത്ത ഞായറാഴ്ചവരെ അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാതെ മറ്റു കടകളൊന്നും തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്ന മുന്നറിയിപ്പും നൽകി.