കെ.പി. ഷൗക്കത്തലി

കോഴിക്കോട്

: അഞ്ചുമുതൽ ഏഴുവരെ സീറ്റുകൾ ജില്ലയിൽ ലഭിക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. പക്ഷേ, 2016-ലേക്കാൾ ഒരു സീറ്റുപോലും കൂട്ടാനായില്ലെന്നു മാത്രമല്ല കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് നേരിട്ടത്. നാലുമണ്ഡലങ്ങളിൽ കഴിഞ്ഞതവണത്തേക്കാൾ വോട്ടുകുറയുകയും ചെയ്തു.

വടകരയിൽ കെ.കെ. രമയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ആശ്വാസം നൽകുന്നുണ്ടെങ്കിലും അതിന്റെ മുഴുവൻ ക്രെഡിറ്റും യു.ഡി.എഫിന് അവകാശപ്പെടാനും കഴിയില്ല. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുകൂടെ ലഭിച്ച വോട്ടായിട്ടാണ് കെ.കെ. രമയുടെ വിജയം വിലയിരുത്തപ്പെടുന്നത്.

കെ.കെ. രമയ്ക്കുപകരം മറ്റൊരാളായിരുന്നു സ്ഥാനാർഥിയെങ്കിൽ വിജയം അത്ര എളുപ്പമാവുമായിരുന്നില്ല. ജില്ലയിൽ അഞ്ചു സീറ്റുകളിൽവരെ മുമ്പ്‌ ജയിച്ചിരുന്ന കോൺഗ്രസിന് 2006-നുശേഷം ഇതുവരെ ഒരിടത്തുപോലും വിജയിക്കാൻ കഴിഞ്ഞില്ലെന്നതും വലിയ തിരിച്ചടിയായി. കൊയിലാണ്ടിയും നാദാപുരവും കോൺഗ്രസ് പ്രതീക്ഷയോടെകണ്ട മണ്ഡലങ്ങളായിരുന്നു.

ഡോ. എം.കെ. മുനീറിനെ കൊടുവള്ളിയിൽ മത്സരിപ്പിച്ച് ആ സീറ്റ് തിരിച്ചുപിടിക്കാൻ കഴിഞ്ഞെങ്കിലും കോഴിക്കോട് സൗത്തിൽ കനത്ത പരാജയമാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥി നൂർബിനാ റഷീദ് ഏറ്റുവാങ്ങിയത്. അഹമ്മദ് ദേവർകോവിലിന് 12,459 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചെന്നു മാത്രമല്ല മുസ്‌ലിം ലീഗിന് 2016-ലേതിനേക്കാൾ 9765 വോട്ടിന്റെ കുറവുണ്ടായി. ലീഗ് ഒരു സീറ്റിലേക്കൊതുങ്ങുകയും ചെയ്തു. കോഴിക്കോട് സൗത്തിനു പുറമേ യു.ഡി.എഫിന് എലത്തൂരിലും പേരാമ്പ്രയിലും ബേപ്പൂരിലുമെല്ലാം 2016-ലേതിനേക്കാൾ വോട്ടുകുറഞ്ഞു.

ഏറ്റവും ശക്തമായ മത്സരംനടന്ന കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും 2011-ൽ എ.ഐ.സി.സി. അംഗം പി.വി. ഗംഗാധരൻ നേടിയ വോട്ടുകൾ കെ.എം. അഭിജിതിന് നേടാൻ കഴിഞ്ഞില്ല. 2011-ൽ 48,125 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. ഇത്തവണ 46,196 വോട്ടായി കുറഞ്ഞു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റുകൂടിയായ അഭിജിത് മികച്ച സ്ഥാനാർഥിയായിരുന്നു. പ്രചാരണരംഗത്തും നല്ല മുന്നേറ്റമാണുണ്ടാക്കിയത്. കോഴിക്കോട് നോർത്തിലെ യു.ഡി.എഫിന്റെ സംഘടനാസംവിധാനം വളരെ ദുർബലമായിരുന്നതിനാൽ ബൂത്തുതലങ്ങളിൽ പ്രവർത്തനം വളരെ മോശമായിരുന്നു. എൽ.ഡി.എഫാകട്ടെ തോട്ടത്തിൽ രവീന്ദ്രനുവേണ്ടി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയും ചെയ്തു.

കുറ്റ്യാടിയും തിരുവമ്പാടിയുമെല്ലാം യു.ഡി.എഫിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്നു. കുറ്റ്യാടിയിൽ കനത്തപോരാട്ടത്തിനൊടുവിലാണ് തോറ്റതെങ്കിലും തിരുവമ്പാടിയിൽ യു.ഡി.എഫ്. കേന്ദ്രങ്ങളിൽപ്പോലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. വെൽഫെയർ പാർട്ടിക്ക്‌ മണ്ഡലത്തിൽ രണ്ടായിരത്തിലധികം വോട്ടുണ്ടെങ്കിലും അവരുമായി ഉണ്ടാക്കിയ ധാരണ ഗുണംചെയ്തില്ല. അതേസമയം എൽ.ഡി.എഫ്. ഇത്തവണ വോട്ടുകൾ കൂട്ടുകയും ആറു മണ്ഡലങ്ങളിൽ ഭൂരിപക്ഷം വൻതോതിൽ വർധിപ്പിക്കുകയും ചെയ്തു.

തുടക്കംമുതലേ പ്രശ്നങ്ങൾ കടുംപിടിത്തവുമായി നേതൃത്വം

യു .ഡി.എഫിൽ സ്ഥാനാർഥിനിർണയത്തിന്റെ തുടക്കത്തിൽതന്നെ മൂന്നു മണ്ഡലങ്ങളിലാണ് പ്രശ്നങ്ങളുണ്ടായിരുന്നത്. ഇതിൽ എലത്തൂരിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം ഏറ്റവും വഷളായത്. മണ്ഡലത്തിൽനിന്നുതന്നെയുള്ള കോൺഗ്രസ് സ്ഥാനാർഥിയെ എലത്തൂരിൽ മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിലെ മുഴുവൻ കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നത്. അവർ കെ.പി.സി.സി. സെക്രട്ടറി യു.വി. ദിനേശ് മണിയെ സ്വന്തംനിലയ്ക്ക് സ്ഥാനാർഥിയാക്കിയിരുന്നു. മാത്രമല്ല മാണി സി. കാപ്പന്റെ എൻ.സി.കെ.യുടെ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെതിരേ എം.കെ. രാഘവൻ എം.പി.വരെ പരസ്യമായി രംഗത്തെത്തി.

എല്ലാനിലയ്ക്കും പ്രവർത്തകരുടെ വികാരം ബോധ്യപ്പെടുത്തിയിട്ടും കെ.പി.സി.സി. നേതൃത്വം അതംഗീകരിക്കാൻ തയ്യാറായില്ല. പ്രശ്നം വഷളാവുന്നവരെ ജില്ലാ കോൺഗ്രസ് നേതൃത്വവും വിഷയത്തിൽ കാര്യമായി ഇടപെട്ടില്ല. അതുകൊണ്ട് ജില്ലയിൽ കോൺഗ്രസിന് ഏറ്റവും ശക്തമായ സംഘടനാസംവിധാനമുള്ള എലത്തൂരിൽ കഴിഞ്ഞതവണത്തേക്കാളും 2193 വോട്ടാണ് കുറഞ്ഞത്. എൽ.ഡി.എഫ്. സ്ഥാനാർഥി എ.കെ. ശശീന്ദ്രന്റെ ഭൂരിപക്ഷം 29,057-ൽനിന്ന് 38,502 ആയി വർധിക്കുകയും ചെയ്തു.

കോഴിക്കോട് സൗത്തിലും എം.കെ. മുനീറിനെ മാറ്റി മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയോടുപോലും ആലോചിക്കാതെ സ്ഥാനാർഥിയെ നിർത്തിയതിനെതിരേ പരസ്യപ്രതിഷേധമുയർന്നിരുന്നു. സംസ്ഥാനനേതൃത്വം ഇടപെട്ട് പ്രതിഷേധങ്ങൾ അവസാനിപ്പിച്ചെങ്കിലും ഇത് യു.ഡി.എഫ്. സ്ഥാനാർഥി നൂർബിനാ റഷീദിന്റെ തോൽവിക്കിടയാക്കിയോ എന്നത് പാർട്ടി പരിശോധിക്കുന്നുണ്ട്.

പേരാമ്പ്രയിലും മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിയെ നിർണയിച്ചതിനെതിരേയും വലിയ എതിർപ്പുണ്ടായിരുന്നു. 4827 വോട്ടാണ് ഇവിടെ മുസ്‌ലിം ലീഗിന് കുറഞ്ഞത്. സി.പി.എമ്മിന്റെ ടി.പി. രാമകൃഷ്ണന്റെ ഭൂരിപക്ഷം 4101-ൽനിന്ന് 22,592 ആയി ഉയരുകയും ചെയ്തു.