തിരൂർ : അക്കിത്തത്തിന്റെ ഓർമകളിൽ കണ്ണുനിറഞ്ഞാണ് മകൻ വാസുദേവൻ പിതാവിന്റെ ഡി. ലിറ്റ് ബിരുദം ഗവർണറിൽനിന്ന് ഏറ്റുവാങ്ങിയത്. വാസുദേവനൊപ്പം അക്കിത്തത്തിന്റെ മകൾ ഇന്ദിര, ഭർത്താവ് ത്രിവിക്രമൻ നമ്പൂതിരി എന്നിവരും ചടങ്ങിനെത്തി. ബിരുദം മക്കൾക്കെല്ലാവർക്കുംവേണ്ടി താൻ സന്തോഷപൂർവം ഏറ്റുവാങ്ങുന്നെന്ന് വാസുദേവൻ പറഞ്ഞു. വി.ടി. ഭട്ടതിരിപ്പാടും ഇടശ്ശേരി ഗോവിന്ദൻ നായരുമായിരുന്നു തന്റെ സർവകലാശാലകളെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. അവർക്കൊന്നും ലഭിക്കാതെപോയ ഈ ബിരുദം അവർക്കുകൂടിവേണ്ടി ഏറ്റുവാങ്ങുന്നു -വാസുദേവൻ പറഞ്ഞു.