പ്രതിഷേധമാർച്ച് 10-ന്

തിരുവമ്പാടി : അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നു. റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരേ 10-ന് രാവിലെ 10.30-ന് പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാർച്ച് നടത്താൻ ഇലഞ്ഞിക്കൽ സൗപർണിക ക്ലബ്ബ് ഹാളിൽ ചേർന്ന ജനകീയ പ്രതിഷേധക്കൂട്ടായ്മ തീരുമാനിച്ചു.

സിലോൺ കടവ് പാലംമുതൽ-തമ്പലമണ്ണ പാലംവരെ ടാറിങ് നടത്താൻ നടപടിയായില്ല. കറ്റിയാട് ജങ്‌ഷൻ മുതൽ സിലോൺ കടവിനിടയിൽ റോഡിന്റെ പാർശ്വഭിത്തി കെട്ടുന്നത് നിർത്തിവെച്ചിരിക്കയാണ്.

രണ്ടുവർഷത്തിലധികമായി പ്രദേശവാസികൾ പൊടിശല്ല്യം നേരിടുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീർപ്പാക്കിയ പല തർക്കങ്ങളും ഇനിയും പരിഹരിക്കപ്പെട്ടില്ല. ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ജങ്‌ഷൻ, കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗം എന്നിവയ്ക്ക് റോഡിന് കുറുകെ ക്രോസ് ഡക്ട് ഇടാമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരും ഭരണകർത്താക്കളും പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്നു.

രണ്ടുവർഷംമുമ്പ് പൊളിച്ചിട്ട ഇരുമ്പകം-ഇലഞ്ഞിക്കൽ റോഡിന് കുറുകെ കലുങ്ക് നിർമാണം ആരംഭിച്ചിട്ടില്ല.

ടാറിങ്ങിന് മുമ്പെ ചെയ്യേണ്ട നിരവധി പ്രവൃത്തികൾ ബാക്കികിടക്കുന്നു.

സമരസമിതി ചെയർമാൻ പി.യു. സണ്ണി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് തമ്പലമണ്ണ വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ജോമോൻ ലൂക്കോസ്, സി.സി. സദാനന്ദൻ, സി.ബി. അനിൽ എന്നിവർ സംസാരിച്ചു.