തിരുവമ്പാടി : കേന്ദ്രസർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനസർക്കാരുമായി നടത്തുന്ന ചർച്ചയിൽ ജനകീയ കർഷകസമിതികൾ മുന്നോട്ടുവച്ച നിലപാടുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഫാർമേഴ്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് റിപ്പോർട്ട് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാന പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുന്നത്.

കേരളത്തിൽ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും മുഴുവനായി ഇ.എസ്.എ.യിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുളള അന്തിമ തീരുമാനമുണ്ടാകണം. പട്ടണങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽപോലും പന്നികൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. മലയോര മേഖലയിലെ ജനങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കണം സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയനിലം അധ്യക്ഷത വഹിച്ചു.

ജനറൽസെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഫാർമേഴ്സ് കൗൺസിൽ കോ-ഓർഡിനേറ്റർ ബേബി പെരുമാലിൽ, ജോസുകുട്ടി ഒഴുകയിൽ, ഐപ്പച്ചൻ തടിയിൽ, ബിനോയി തോമസ്, ചാർളി പാലക്കുഴി, വർഗീസ് ആന്റണി, ജോമി മാത്യു, ചാക്കോച്ചൻ കാരാമയിൽ, ജോമി ഡൊമിനിക്, ജോസ് വട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.