മരുതോങ്കര : മാനസിക വെല്ലുവിളിനേരിടുന്ന തമിഴ്നാട് സ്വദേശിയെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി മുള്ളൻകുന്ന് സെയ്ൻറ്് മേരീസ് ഫൊറോന ചർച്ചിന് മുൻവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിയുകയായിരുന്നു ഇയാൾ. ഇദ്ദേഹം മാസ്ക് പോലും ധരിക്കാതെ പ്രദേശത്തെ വീടുകളിലും കടകളിലും കയറി ഇറങ്ങുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ദുരന്തനിവാരണ സേന വൈസ് ചെയർമാനും ജെ.ഡി.എൻ.എസ്. വൊളന്റിയർ ടീം ക്യാപ്റ്റനുമായ ബഷീർ നെരയങ്കോടന്റെ നേതൃത്വത്തിൽ പ്രമോദ് കരണ്ടോട്, അലി പൊയിലങ്കി, ഇസ്മയിൽ മംഗലശ്ശേരി, സലാം ടാലൻറ്്, സുനിൽ, എ.സി. ബാസിത്, ബഷീർ തുടങ്ങിയവർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഉദ്യമത്തിന് നേതൃത്വം നൽകിയ ദുരന്തനിവാരണ സേന, കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മ, മലയോര ശബ്ദം മരുതോങ്കര തുടങ്ങിയ കൂട്ടായ്മ പ്രവർത്തകരെ മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ്‌് കെ.എം. സതി അഭിനന്ദിച്ചു.