വളയം : ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡിൽ ഉൾപ്പെടുന്ന വള്ളിയാട് പൊരുന്നമ്പിലായി മലയിൽ ഖനന പ്രവർത്തനങ്ങൾക്കിടെ തോട് നികത്തിയതായി പരാതി. മലയോരമേഖലയിലെ മലമുകളിൽനിന്ന് ഉത്ഭവിക്കുന്ന ഒലിയത്തോട് പൂർണമായും ക്വാറി ഉടമകൾ മണ്ണിട്ടു നികത്തിയതായാണ് പരാതി. ഇതേത്തുടർന്ന് നാട്ടുകാർ റവന്യൂ അധികൃതർക്കും കലക്ടർക്കും പരാതിനൽകി. വേനൽക്കാലങ്ങളിൽപോലും വറ്റാതെ ഒഴുകുന്ന തോട് മലയുടെ താഴ്‌ന്ന പ്രദേശങ്ങളിലുള്ളവർ പോലും വെള്ളത്തിനായി ആശ്രയിക്കുന്നതാണ്. വളയം പഞ്ചായത്തിലെ മലയോരമേഖലകളെല്ലാം തന്നെ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളാണ്. തോട് നികത്തുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.