ബേപ്പൂർ: 5.9 കോടി ചെലവിൽ തുടങ്ങിയ ബേപ്പൂർ മറീന പദ്ധതി സ്തംഭിച്ചു. വിനോദസഞ്ചാര ഭൂപടത്തിൽ പുരാതന തുറമുഖനഗരമായ ബേപ്പൂരിന്‍റെ പൈതൃകം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ജനുവരി നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പുലിമുട്ടിലെ പഴയ കെട്ടിടങ്ങളായ കഫ്‌റ്റീരിയ, സുരക്ഷാകാര്യാലയം, ശൗചാലയം തുടങ്ങിയവ പൊളിച്ചുമാറ്റി പുതിയ ബഹുനിലക്കെട്ടിട സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, തീരമേഖലയിലെ പുതിയ കെട്ടിട നിർമാണത്തിന് കേന്ദ്രസർക്കാരിന്റെ സി.ആർ.ഇസെഡ് അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി പ്രവർത്തനം നിലച്ചു. തീരദേശ സുരക്ഷാനിയന്ത്രണ പരിപാലന നിയമം പാലിച്ച് പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അനുമതി വാങ്ങിയാൽ മാത്രമേ ഇനി കടൽത്തീരത്തെ നിർമാണം പുനരാരംഭിക്കാൻ കഴിയൂ.

സഞ്ചാരികൾക്കായി മ്യൂസിയം, വ്യൂപോയന്റ്, ഇരിപ്പിടസംവിധാനം, പുലിമുട്ടിലെ നടപ്പാത നവീകരണം, റെസ്റ്റോറന്റ്, കിയോസ്കുകൾ തുടങ്ങിയവയാണ് ബേപ്പൂർ മറീനയിൽ ഒരുക്കാൻ തിരുമാനിച്ചിരുന്നത്. ജില്ലയിൽ കാപ്പാട് കഴിഞ്ഞാൽ ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരമാണ് ബേപ്പൂർ പുലിമുട്ട്. കടലിനോട് ഇറങ്ങിനിൽക്കുന്ന കടൽപ്പാതയിലൂടെയുള്ള യാത്രയാണ് ഏറെ ആകർഷണം. പൊളിച്ചുമാറ്റിയ പഴയകെട്ടിടങ്ങളുടെ അവശിഷ്ടം വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന പൊതുഇടങ്ങളിൽത്തന്നെ കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ. ഇത് പുലിമുട്ടിലെത്തുന്ന സഞ്ചാരികൾക്ക് പ്രയാസമുണ്ടാക്കുന്നു. ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്കുചെയ്യുന്ന സ്ഥലങ്ങളിൽ നിറയെ കെട്ടിടാവശിഷ്ടങ്ങളാണ്.

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പുലിമുട്ട് മേഖലയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും കോവിഡ് മാനദണ്ഡപ്രകാരം വൈകീട്ട് ആറുമണിക്കുശേഷം ഇവിടെ പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് ബേപ്പൂർ കടൽത്തീരത്തേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നത്.