കോഴിക്കോട് : ഒരു ഗതിയുമില്ലാത്തവർ മാത്രം പഠിക്കേണ്ടയിടമാണ് സർക്കാർ സ്കൂളുകളെന്ന ധാരണയുടെ കാലം മാറിയെന്ന് സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. സമഗ്രശിക്ഷാ കേരളത്തിന്റെ നടക്കാവിലെ അർബൻ റിസോഴ്‌സ് സെന്ററിൽ ഓട്ടിസം സെന്റർ നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല കാര്യങ്ങളിലും പുറകോട്ടുനടന്ന മലയാളി, മനുഷ്യസ്നേഹത്തിന്റെ പാതയിലേക്കു നടക്കുന്നതാണ് ഭിന്നശേഷിക്കാർക്കായുള്ള ഇടപെടലുകളിൽ കാണുന്നത്. ഭിന്നശേഷി എന്ന പദംതന്നെ അവരോടുള്ള സ്നേഹപരിഗണനയുടെ അടയാളമാണ്. സ്നേഹത്തോടെ അവരെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാൻ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും രഞ്ജിത്ത് പറഞ്ഞു.

രണ്ടുകോടി രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം അധ്യക്ഷനായി. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ, ഡോ. എ.കെ. അനിൽകുമാർ, ഒ. സാബിറ, വി. ഹരീഷ് എന്നിവർ സംസാരിച്ചു.