പാറക്കടവ് : ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന പുസ്തകമേള ആരംഭിച്ചു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ ഉദ്ഘാടനം കഥാകൃത്ത് പി.കെ. പാറക്കടവ് നിർവഹിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകമേളയിൽ വിവിധ പവലിയനുകളിലായി ഇരുപതോളം പ്രസാധകരുടെ ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിസംബർ ഏഴുവരെ നടക്കുന്ന മേളയിൽ സാംസ്‌കാരിക നായകരും എഴുത്തുകാരും പങ്കെടുക്കുന്ന സംവാദങ്ങളും നടക്കും. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ സർവകലാശാലാ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൂർവ വിദ്യാർഥികളായ മുഹമ്മദ്‌ പൊന്നങ്കോട്ട്, ഷഹാന ഷെറിൻ പഴയങ്ങാടി, ഷെഹല ജെബിൻ പുന്നക്കൽ, ഗൈഡ് ക്യാപ്റ്റനായി പത്തുവർഷം പൂർത്തീകരിച്ച എ. ജമീല എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ പ്രൊഫ. പി. മമ്മു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി. അബ്ദുറഹിമാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.സി. റഷീദ്, അഹമ്മദ് പുന്നക്കൽ, ചെക്യാട്‌ ഗ്രാമ പഞ്ചായത്തംഗം ടി.കെ. ഖാലിദ്, ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ, ആർ.പി. ഹസ്സൻ, ടി.എ. സലാം, അഹമ്മദ് പതിയായി, മുഹമ്മദ്‌ പാറക്കടവ്, ആർ.പി. മർജാന, ഹാറൂൺ മുജ്തബ, എം. ആയിഷ എന്നിവർ സംസാരിച്ചു.