കോഴിക്കോട് : ഭിന്നശേഷിക്കാർക്കുവേണ്ടി എന്തുചെയ്തിട്ടുണ്ടെന്ന് വല്ലവരും ചോദിച്ചാൽ രേഖകളിൽ ചിലതൊക്കെയുണ്ട്. അത് അവർക്ക് ഉപകാരപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ, അതൊക്കെ നോക്കാനാർക്കുണ്ട് നേരം എന്നാവും മറുപടി.

കോഴിക്കോട് താലൂക്ക് ഓഫീസിലേക്ക് കയറിച്ചെല്ലാനുള്ളിടത്തെ റാംപ് കണ്ടാൽ സംഗതി മനസ്സിലാവും. റാംപ് പണിതുവെച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ഭിന്നശേഷിക്കാർക്ക് ലഭിക്കാത്ത വിധത്തിലാണ് സ്ഥിതി. റാമ്പിനുമുന്നിൽത്തന്നെ ഇരുചക്രവാഹനങ്ങൾ നിർത്തിയിടലാണ് പതിവ്. റാമ്പ് കയറി ഓഫീസിനുള്ളിലേക്ക് കടക്കണമെങ്കിൽ അവിടെയുള്ള ഗേറ്റ് പകുതി അടച്ചിട്ട നിലയിലുമാണ്. തകരാറായതിനാലാണ് അടച്ചത് എന്നാണ് ചോദിച്ചാൽ മറുപടി.

തകരാറായാൽപിന്നെ മോചനമില്ലെന്നതാണ് സിവിൽസ്റ്റേഷനിലെ ലിഫ്റ്റിന്റെയും സ്ഥിതി. നാല് ലിഫ്റ്റുകളിൽ മൂന്നെണ്ണം പ്രവർത്തനക്ഷമമാണെന്നാണ് അധികൃതർ പറയുന്നത്. ബാക്കിയുള്ള ഒരു ലിഫ്റ്റ് നന്നാക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടി കേട്ടുതുടങ്ങിയിട്ട് നാലുവർഷത്തോളമായി.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച എം.എൽ.എ.മാരും എൻജിനിയർമാരുമൊക്കെ പങ്കെടുത്ത യോഗത്തിലും ഈ ലിഫ്റ്റ് ഉടൻ ശരിയാകും എന്ന ഉറപ്പ് ആവർത്തിച്ചുകേട്ടു.

കളക്ടറുടെ ഓഫീസിലേക്കുപോലും പ്രവേശിക്കാൻ ഭിന്നശേഷിസൗഹൃദസംവിധാനമില്ല. സിവിൽസ്റ്റേഷന്റെ മുറ്റത്തുനിന്ന് വരാന്തയിലേക്ക് റാമ്പുണ്ട്. അതുകഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ മാത്രം. ചക്രക്കസേരകളോ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളോ ഒന്നുമില്ല.