പേരാമ്പ്ര : കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ കോടേരിച്ചാലിൽ വീടുകൾക്ക് നാശം. അടിയാട്ടിൽ മീത്തൽ വെള്ളായിയുടെ വീട്ടിലെ വയറിങ് പൂർണമായും കേടുവന്നു. ടി.വി., ഫാൻ എന്നിവയും നശിച്ചു. രണ്ട് തെങ്ങുകൾക്കും മിന്നലേറ്റു. വെള്ളായിയും ചെറുമകൻ രാംദേവും അദ്‌ഭുതകരമായാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. അടിയാട്ടിൽ മീത്തൽ ശശിയുടെ വീട്ടിലെ മെയിൽ സ്വിച്ചും ഫാനും കേടുവന്നു. വെങ്ങപ്പറ്റ പ്രദേശത്ത് ഒട്ടേറെ വീടുകളിൽ മിന്നലിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി.

എൻ.ഇ.പി. സെമിനാർ

പേരാമ്പ്ര : കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയരേഖ ചർച്ചചെയ്യാൻ ഭാരതീയ വിദ്യാനികേതൻ സ്കൂളുകളിലെ അധ്യാപകർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. 3,4,5 തീയതികളിൽ പേരാമ്പ്ര വേദവ്യാസ വിദ്യാപീഠത്തിലാണ് പരിപാടി. മൂന്നിന് രാവിലെ 9.30-ന് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ എ.കെ. ശ്രീധരൻ ശിബിരം ഉദ്ഘാടനം ചെയ്യും. ഫെറ്റോ ജില്ലാ പ്രസിഡന്റ് എം. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.