കല്പറ്റ : ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. മേപ്പാടി മേലെ അരപ്പറ്റ കരിയംകുന്നത്ത് വീട്ടിൽ സെയ്ഫുദ്ദീനെ (40) യാണ് ശിക്ഷിച്ചത്.
കുട്ടികളോടുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി എം.വി. രാജകുമാരയാണ് ശിക്ഷവിധിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എസ്.എം.എസ്.) ആയിരുന്ന കെ. അശോക് കുമാറാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്.