വടകര : നവകേരളത്തോടൊപ്പം കുറ്റ്യാടിയും വളരാൻ എൽ.ഡി.എഫിന്‌ കരുത്ത് പകരുക എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണജാഥ ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ആറുമണിക്ക് മണിയൂർ അട്ടക്കുണ്ട് കടവ് പാലം സൈറ്റിൽ സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ ഉദ്ഘാടനംചെയ്യുമെന്ന് എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.പി. കുഞ്ഞമ്മദ്കുട്ടിയാണ് ജാഥാക്യാപ്റ്റൻ. മൂന്നിന് രാവിലെ തുറശ്ശേരിമുക്കിൽനിന്നുതുടങ്ങി വൈകീട്ട് തണ്ണീർപ്പന്തലിൽ സമാപിക്കും. നാലിന് രാവിലെ പുറമേരിയിൽതുടങ്ങി പാതിരിപ്പറ്റയിൽ സമാപിക്കും. സി.എൻ. ചന്ദ്രൻ സമാപനപരിപാടി ഉദ്ഘാടനംചെയ്യും. സർക്കാരിന്റെ പൊതുവായ വികസനപദ്ധതികൾ കുറ്റ്യാടിയിലും വന്നെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന വികസനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി, പി. സുരേഷ് ബാബു, കെ.എം. ബാബു, കെ.കെ. ദിനേശൻ, സി.എച്ച്. ഹമീദ്, എം.പി. കുഞ്ഞമ്മദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.