കോഴിക്കോട് : എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥാനാർഥിയാവണമെന്നും മാറിനിൽക്കണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ശക്തമായ സാഹചര്യത്തിൽ നാലിന് വ്യാഴാഴ്ച കോഴിക്കോട്ട് ചേരുന്ന എൻ.സി.പി. ജില്ലാനിർവാഹകസമിതി യോഗം നിർണായകമാവും. എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരനും മന്ത്രി ശശീന്ദ്രനും പങ്കെടുക്കുന്ന യോഗത്തിൽ ഇരുവിഭാഗവും നിലപാട് കടുപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഏഴ് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ശശീന്ദ്രൻ ഇക്കുറി മാറിനിൽക്കണമെന്നാണ് എതിരാളികളുടെ വാദം. ഒരാഴ്ച മുമ്പ്‌ ജില്ലാ നിർവാഹകസമിതി ചേർന്നപ്പോൾ ഇക്കാര്യം നാല് ബ്ലോക്ക് കമ്മിറ്റികൾ ശക്തമായി ഉന്നയിച്ചു. ഈ യോഗത്തിനു പിന്നാലെയാണ് ഞായറാഴ്ച എറണാകുളത്ത് സംസ്ഥാന നിർവാഹകസമിതിയോഗം ചേർന്നത്. ഇവിടെയും പാർട്ടിയിലെ യുവജനവിഭാഗം ഉൾപ്പെടെയുള്ളവർ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യം ആവർത്തിച്ചു.

ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനില്ലെന്നും കഴി്്ഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.