നാദാപുരം : ടൗണിലെ അനധികൃത നിർമാണത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത്‌ലീഗ് ഉപരോധിച്ചു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് യൂത്ത്‌ലീഗ് പ്രവർത്തകർ സെക്രട്ടറി എം.പി. റജുലാലിനെ ഉപരോധിച്ചത്.

കല്ലാച്ചി റുബിയാൻ സൂപ്പർമാർക്കറ്റിലെ പാർക്കിങ് ഏരിയയിലെയും ഗവ.ആശുപത്രി പരിസരത്തെയും കൈയേറ്റം ഒഴിപ്പിക്കാൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഏറെ മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. പലതവണ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കൈയേറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് സെക്രട്ടറി സ്വീകരിച്ചതെന്നാണ് പ്രധാന പരാതി. ഉന്നതോദ്യോഗസ്ഥർ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്തത് സമരക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പുലഭിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

പ്രവർത്തകർ മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ എസ്.ഐ. ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. സമരം തുടരുന്നതിനിടയിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പുറത്തേക്ക് പോകാൻ താത്‌പര്യപ്പെട്ടു. ഇതോടെ പോലീസ് സഹായത്തോടെ സെക്രട്ടറിയെ പുറത്തെത്തിച്ചു. ഉപരോധസമരത്തിന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ്, സി.പി. അജ്മൽ, എ.കെ. ശാക്കിർ, വി. സവാദ്, സഹീർ മുറിച്ചാണ്ടി, സയ്യിദ് മഷ്ഹൂർ, സയ്യിദ് മിഖ്ദാദ്, വസീം ചീറോത്ത് എന്നിവർ നേതൃത്വംനൽകി.

പോലീസിനെതിരേ സി.പി.എം.നേതാവ്‌ രംഗത്ത്

നാദാപുരം : ഗ്രാമപ്പഞ്ചായത്ത് വളപ്പിൽ യൂത്ത് ലീഗിന്റെ സമരത്തിൽ കേസടുക്കാത്ത പോലീസ് നടപടിക്കുനേരെ സി.പി.എം. രംഗത്ത്. പാർട്ടിനേതാവും ഗ്രാമപ്പഞ്ചായത്തംഗവുമായ പി.പി. ബാലകൃഷ്ണനാണ് പോലീസിനുനേരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ഉപരോധ സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 12 പ്രവർത്തകരുടെ പേരിൽ കേസെടുത്തിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ കയറി ഘരാവോ ചെയ്ത് പ്രവൃത്തി തടസ്സപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവർത്തകരെ നിരുപാധികം വിട്ടയയ്ക്കുകയാണുണ്ടായത്. കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

നടപടിയെടുത്തു -സെക്രട്ടറി

നാദാപുരം : കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന റൂബിയാൻ സൂപ്പർമാർക്കറ്റിനുനേരെ നടപടി സ്വീകരിച്ചതാണെന്നും തുടർനടപടി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും പഞ്ചായത്ത് സെക്രട്ടറി രജുലാൽ വ്യക്തമാക്കി. യൂത്ത്‌ലീഗ് ഉയർത്തിയ മറ്റൊരുവിഷയം നാദാപുരം ഗവ. ആശുപത്രിക്ക് സമീപമുള്ള കെട്ടിടം പൊളിച്ചുനീക്കിയില്ല എന്നാണ്. ഈ കെട്ടിടത്തിനെതിരേയുള്ള പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണെന്നും സെക്രട്ടറി അറിയിച്ചു. അതിനിടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബുധനാഴ്ച രാവിലെ ഓഫീസിൽ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സെക്രട്ടറി ഡി.ഡി.പി.ക്ക് പരാതിനൽകി.

ഭരണസമിതി യോഗതീരുമാനങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾക്ക് നൽകിയതിനും ഓഫീസ് സമയത്ത് മുങ്ങിയതിനും താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി പറഞ്ഞു.