നാദാപുരം : വിഷ്ണുമംഗലം ബണ്ട് പരിസരത്തുനിന്ന്‌ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രിയിൽ റോഡിൽ കിടക്കുന്ന നിലയിലാണ് നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന വഴിയാണിത്.

പാമ്പിനെ പിടിക്കാൻ ഫോറസ്റ്റ് ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് നാട്ടുകാർ തന്നെ സാഹസികമായി പാമ്പിനെ ചാക്കിലാക്കി കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ എത്തി കൈമാറുകയായിരുന്നു. അഞ്ച് മീറ്ററിലധികം നീളവും ഏതാണ്ട് 30 കിലോ തൂക്കവുമുള്ള പാമ്പിനെ അഷ്‌കർ പൂവാട്ട്, സാജിദ്, അഹ്മദ്, ഇസ്മയിൽ, റഹീസ്, അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കാടുപിടിച്ച് കിടക്കുന്ന വിഷ്ണുമംഗലം ബണ്ട് പരിസരത്ത് ഒട്ടേറെ വന്യമൃഗങ്ങളും പാമ്പുകളും വാസമുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ബണ്ട് പരിസരത്തെ വീട്ടിൽനിന്ന് കോഴികളെ കൊന്നു തിന്ന പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.