രാമനാട്ടുകര : പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള രാമനാട്ടുകര പൂന്തോട്ടത്തിൽ നടപ്പാലം പാലമാവുന്നു. പ്രദേശവാസികളുടെ വർഷങ്ങളുടെ മുറവിളിക്കാണ് ഇപ്പോൾ പച്ചക്കൊടിയായത്. രാമനാട്ടുകര കെയർവെൽ റോഡിലെ തയ്യിൽനിന്ന് ചേലേമ്പ്ര പൂന്തോട്ടത്തിൽ റോഡിലേക്ക് എത്താനുള്ള പാലമാണിത്. നിലവിൽ പൊയിൽതൊടി, കുറ്റിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നു രാമനാട്ടുകരയിലേക്ക് എളുപ്പമെത്താവുന്ന വഴിയാണിത്.

ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ പ്രദേശവാസികൾ സിൽക്കുപാലം വഴി ചുറ്റിവളഞ്ഞാണു ഇപ്പാൾ രാമനാട്ടുകരയിൽ എത്തുന്നത്. പാലം യാഥാർഥ്യമായാൽ യാത്ര ഏറെ എളുപ്പമാവും. പി.ഡ.ബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനിയർ പി.ബി. ബൈജുവിന്റെ നേതൃത്വത്തിൽ പാലം നിർമാണത്തിന്റെ സാധ്യത പരിശോധിച്ചിരുന്നു. അതിനുശേഷം പ്രവൃത്തിയുടെ സ്ഥലമേറ്റെടുപ്പു സുഗമമാക്കാൻ ചേർന്ന യോഗത്തിൽ പങ്കെടുത്ത പ്രദേശവാസികൾ സൗജന്യമായി ഭൂമി വിട്ടുനൽകുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചു.

രാമനാട്ടുകരയിലുള്ള ഭൂമി ലഭ്യമായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗജന്യമായി മുഴുവൻഭൂമിയും ഏറ്റെടുക്കാനായാൽ രണ്ടുകോടി രൂപ കൊണ്ടുതന്നെ പാലം പണിയാനായേക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറഞ്ഞിരുന്നു. ഇതിന് കാലതാമസവും വരില്ലെന്ന ഉറപ്പും ഇവർ പ്രദേശവാസികൾക്ക് നൽകി. ഭൂമി ഏറ്റെടുക്കുന്നതിനും അനുബന്ധകാര്യങ്ങളിൽ ഇടപെടുന്നതിനുമായി രാമനാട്ടുകര നഗരസഭാ കൗൺസിലർ കെ. ജെയ്‌സൽ ചെയർമാനും ചേലേമ്പ്ര പഞ്ചായത്തംഗം വി.പി. ഫാറൂഖ് കൺവീനറായുമുള്ള 25 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ചേലേമ്പ്ര പഞ്ചായത്തംഗം പ്രജിത്ത്, അൻവർ പൊയിൽതൊടി, സേതുമാധവൻ കായക്കാട്ട് (വൈസ്. ചെയർമാൻ), ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, മജീദ് കാരായി, വേലായുധൻ (ജോ.കൺ), വേണു കായക്കാട്ട് (ഖജാ).