ശബ്‌ന പി. നാസർകോ വിഡ് കാലമായതോടെ വ്യായാമവും ഭക്ഷണ ക്രമീകരണങ്ങളും മുടങ്ങിയവരോട് ഇനിയെല്ലാം ഓൺലൈനായെന്നു പറയുകയാണ് ട്രെയ്‌നർമാരും. ഇതിനായി വീട്ടിലെ നിലവിലെ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും ട്രെയ്‌നർമാർ പറയുന്നു. കോവിഡ് കാലത്തെ മാനസിക സമ്മർദത്തിനും ജീവിതശൈലീ അസുഖങ്ങൾക്കുമെല്ലാം വ്യായാമം നിർബന്ധമാണ്. ഇതിനൊരു പരിഹാരമായാണ് ഫിറ്റ്‌നെസ് സെന്ററുകളും ഓൺലൈനാവുന്നത്. വെബ്സൈറ്റ്, വാട്‌സാപ്പ്, സൂം ആപ്പ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയിലൂടെയാണ് ഓൺലൈൻ ക്ലാസുകൾ. ലോകത്തെവിടെയുള്ളവരിൽ നിന്നും പരിശീലനം നേടാനുള്ള അവസരമുണ്ടായെന്ന് സുംബാ പരിശീലകൻ പ്രജിൻ പ്രതാപ് പറയുന്നു. രാവിലെ 6.30 മുതൽ ലൈവ് ആയും റെക്കോഡ് ആയും ക്ലാസുകൾ ലഭിക്കും.
നൃത്തവും വ്യായാമവും ഒരുമിച്ച് കൊണ്ടുപോകുന്ന സുംബ ഓൺലൈൻ സിൻ സ്റ്റുഡിയോയിൽ ലഭ്യമാകും. സുംബ ഡോട്ട് കോം എന്ന വെബ് സൈറ്റിലാണ് സിൻ സ്റ്റുഡിയോയ്ക്ക് സ്ഥലമൊരുക്കിയത്. ഉപകരണങ്ങൾ ഇല്ലാതെ ചെയ്യാൻ പറ്റുന്ന എല്ലാതരം വ്യായാമങ്ങളാണ് ഓൺലൈൻ ക്ലാസുകൾ വഴി ചെയ്യുന്നത്. കാർഡിയോ, എറോബിക്സ് തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. ജംപിങ് ജാക്സ്, ഹൈ നീക്സ് വർക്ക് ഓട്ട്‌സ്, ടോ ടച്ച് വർക്ക് ഔട്ട്‌സ്, ബർപീസ് വർക്ക് ഔട്ട് തുടങ്ങിയയെല്ലാം പരിശീലിപ്പിക്കും.