എകരൂൽ : രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടിട്ടും പരിമിതിയെ അതിജീവിച്ച് ഭിന്നശേഷിക്കാർക്കായി മാതൃകാപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഗിരീഷ് കീർത്തിക്ക്‌ (45) സംസ്ഥാന ഭിന്നശേഷി പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി. ഭിന്നശേഷിയുള്ളവരിൽ ഏറ്റവും മികച്ച റോൾ മോഡൽ ആയാണ് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വെസ്റ്റ് ഇയ്യാട് സ്വദേശി ഗിരീഷിനെ സംസ്ഥാന സാമൂഹികനീതി വകുപ്പ് തിരഞ്ഞെടുത്തത്.

ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന എൻ.ടി.ആർ.വി. ദേശീയ ജോയന്റ് സെക്രട്ടറിയുമായ ഇദ്ദേഹം നിലവിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമകോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗവും മോട്ടിവേഷൻ സ്പീക്കറുമാണ്.

കുട്ടിക്കാലം മുതൽ ഒരു കണ്ണിന് കാഴ്ച മങ്ങിത്തുടങ്ങിയ ഗിരീഷിന് ആറുവർഷം മുമ്പാണ് ഇരുകണ്ണുകൾക്കും പൂർണമായി കാഴ്ചശക്തി നഷ്ടമായത്. പതിനഞ്ച് വർഷമായി പൊതുസേവനരംഗത്ത് സാന്നിധ്യമായ ഇദ്ദേഹം മുൻകൈയെടുത്ത് കോർപ്പറേറ്റുകളുടെയും സുമനസ്സുകളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ ഒട്ടേറെ കാഴ്ച പരിമിതർക്ക് ഇലക്‌ട്രോണിക് സ്മാർട്ട് കെയിനുകൾ, ലാപ്‌ടോപ്പ്, സ്മാർട്ട് ഫോണുകൾ, റെക്കോഡിങ് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കി.