കൂരാച്ചുണ്ട് : പഞ്ചായത്തിൽ എലിപ്പനി സംശയിക്കുന്ന രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ യോഗംചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട, വൈസ് പ്രസിഡൻറ് റസീന യൂസഫ്, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ് എന്നിവർ പങ്കെടുത്തു.

കന്നുകാലികർഷകരും മലിനജലവുമായി ബന്ധപ്പെടുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളിക കൃത്യമായി ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ് അറിയിച്ചു.

ജലജന്യരോഗങ്ങളുടെ ഭീഷണിയുള്ളതിനാൽ ആശാ പ്രവർത്തകരുടെയും ആരോഗ്യ വോളന്റിയർമാരുടെയും നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും.

ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമമനുസരിച്ച് നടപടികൾ സ്വീകരിക്കും. ഷിഗല്ല, കോളറ, വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കാനും തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാനും നിർദേശമുണ്ട്.