കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു
പേരാമ്പ്ര : ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് പൂക്കാഴ്ചയൊരുക്കുന്ന മുള്ളൻപായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്ത്രജ്ഞരും സ്ഥലം സന്ദർശിച്ചു.
കാർഷിക സർവകലാശാലയ്ക്ക് കീഴിലെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ പ്രൊഫസർ ഡോ. പി. പ്രമീള, അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രം സസ്യരോഗ വിഭാഗം ശാസ്ത്രജ്ഞയും പേരാമ്പ്ര ബ്ലോക്കുതല കാർഷിക വിജ്ഞാന കേന്ദ്രത്തിലെ നോഡൽ ഓഫീസറുമായ ഡോ. സഞ്ജു ബാലൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബിന്ദു, ചെറുവണ്ണൂർ കൃഷി ഓഫീസർ മുഹമ്മദ് അനീസ് എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
കബോംബ ജനുസ്സിലുള്ളതാണ് ജലസസ്യമെന്നാണ് കാർഷിക വിദഗ്ധരുടെയും നിഗമനം. കൂടുതൽ പരിശോധനയ്ക്ക് ഇതിന്റെ സാംപിളുകളും ശേഖരിച്ചു. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലെയും കൃഷി ഓഫീസർമാരുടെ യോഗവും കൃഷിവകുപ്പ് വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്തു. പൂക്കാഴ്ച കാണാൻ സന്ദർശകർ കൂടുന്നതിനാൽ പായൽ പറിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് എത്തിച്ച് വളരാനിടയാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
അനുകൂല സാഹചര്യത്തിൽ അതിവേഗം വ്യാപിക്കുന്നതായതിനാൽ നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. യന്ത്രസഹായത്തോടെ പറച്ചുനീക്കി നശിപ്പിക്കുന്നതാണ് അനുയോജ്യമായ മാർഗം. തൊഴിലുറപ്പ് ഉൾപ്പെടയുള്ള ജോലിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യുന്നത് പരിഗണിക്കണം. നല്ല അമ്ലത്വമുള്ള (പി.എച്ച്. മൂല്യം അഞ്ച്) ജലത്തിലാണ് ഈ ജലസസ്യം നന്നായി വളരുന്നതെന്ന് കാർഷിക വിദഗ്ധർ വിശദീകരിച്ചു. കുമ്മായം വിതറി പായൽ നശിക്കുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിക്കാം. തോടായതിനാൽ കളനാശിനികൾ തളിക്കുന്നത് പ്രായോഗികമല്ല. കുറച്ചുകാലമായി തോട് ശുചീകരിക്കാത്തത് മുള്ളൻപായലിന് അനുകൂല ഘടകമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കൈതപോലെ ചെടികൾ നിറയെയുള്ള സ്ഥലങ്ങളിൽ മുള്ളൻപായൽ പൊതുവേ കാണാറില്ല. ആവളപാണ്ടിയിൽ വളരുന്ന പായൽ അതിവേഗം വ്യാപിക്കുന്ന അധിനിവേശ സസ്യമാണെന്ന് മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
കൃഷി ഓഫീസർ മുഹമ്മദ് അനീസ് ഇക്കാര്യം ബ്ലോക്കുതല കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ മുഖേന കാർഷിക സർവകലാശാലയിൽ അറിയിച്ചിരുന്നു. തുടർന്നാണ് കാർഷിക വിദഗ്ധർ സന്ദർശനം നടത്തിയത്. കോവിഡ് കോലത്ത് സന്ദർശകർ കൂട്ടമായി എത്തുന്ന സാഹചര്യത്തിൽ പോലീസും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് സന്ദർശനം വിലക്കിയിട്ടുണ്ട്.